ഹര്‍ത്താര്‍: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ടാക്രമണം. ഉത്തര്‍പ്രദേശിലെ ഹര്‍ത്താര്‍ ജില്ലയില്‍ പോത്തിനെ സംസ്‌കരിക്കാന്‍ കൊണ്ടുപോയ നാല് യുവാക്കളെയാണ് നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്.
പശുവിന്റെ പേരില്‍ രാജ്യമൊട്ടാകെ വ്യാപക ആക്രമണങ്ങളും കൊലപാതകങ്ങളും നടമാടുന്ന സാഹചര്യത്തിലാണ് ചത്ത പോത്തിനെ സംസ്‌ക്കരിക്കാന്‍ പോകുന്നവര്‍ക്ക് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.
പോത്തിന്റെ ശവശരീരം സംസ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു യുവാക്കള്‍ ഗ്രാമത്തിലെത്തിയത്. പോത്തിന്റെ ശരീരവുമായി ട്രക്കില്‍ പോകുമ്പോഴായിരുന്നു ഇവരെ നാട്ടുകാര്‍ വളഞ്ഞുപിടിച്ച് ആക്രമിച്ചത്.
ALSO READ പശുക്കളും മനുഷ്യരെപ്പോലെ പ്രധാനപ്പെട്ടവര്‍ തന്നെ; ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ലഭിക്കുന്നത് അനാവശ്യ പ്രാധാന്യമെന്ന് യോഗി ആദിത്യനാഥ്
പോത്തിന്റെ ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് മാംസ വ്യാപാരകേന്ദ്രങ്ങളില്‍ വില്‍ക്കാന്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് ജനക്കൂട്ടം ഇവരെ മര്‍ദ്ദിച്ചത്. പോത്ത് മാത്രമല്ല പശുക്കളും ട്രക്കിലുണ്ടെന്ന് പറഞ്ഞായിരുന്നു ആള്‍ക്കൂട്ടം മര്‍ദ്ദനം തുടര്‍ന്നത്.
പൊലീസെത്തിയാണ് യുവാക്കളെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോടും ജനക്കൂട്ടം തട്ടിക്കയറി. ഏറെ പണിപ്പെട്ട ശേഷമാണ് യുവാക്കളെ ആള്‍ക്കൂട്ടത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാനായത്.
ആള്‍ക്കൂട്ടാക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ യുവാക്കള്‍ നാട്ടുകാരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും ജനക്കൂട്ടം കേള്‍ക്കാന്‍ പോലും കൂട്ടാക്കാതെ മര്‍ദ്ദനം തുടരുന്നതും വ്യക്തമായി കാണാം.
ജീവനുവേണ്ടി നാല് യുവാക്കളും യാചിക്കുന്നതും വീഡിയോയില്‍ കാണാനാകുന്നുണ്ട്.
ALSO READ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്; ഇമ്രാന്‍ഖാന്റെ പാര്‍ട്ടി മുന്നില്‍
ആക്രമണത്തിനിരയായ യുവാക്കളുടെ മൊഴിയെടുത്ത ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് എത്തിയിരുന്നില്ലെങ്കില്‍ യുവാക്കള്‍ കൊല്ലപ്പെടുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗോരക്ഷയുടെ പേരും പറഞ്ഞ് നടക്കുന്ന ആക്രമണങ്ങളില്‍ ഇതാദ്യമായാണ് പോത്തിന്റെ ശരീരവുമായി പോയതിന്റെ പേരില്‍ ആക്രമണമുണ്ടാകുന്നത്.