| Wednesday, 1st June 2022, 7:35 am

കൊവിഡിന് വിട, കുരുന്നുകള്‍ ഇനി സ്‌കൂളിലേക്ക്; ഒന്നാം ക്ലാസിലേക്ക് നാല് ലക്ഷം കുട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങള്‍ പൂര്‍ണ അധ്യയനവര്‍ഷത്തിലേക്ക്. രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയങ്ങള്‍ പൂര്‍ണ അധ്യയനത്തിലേക്ക് കടക്കുന്നത്.

പൊതുവിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളാണ് ഇന്ന് തുറക്കുന്നത്. ഇത്തവണ നാല് ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരിക്കുന്നത്. 43 ലക്ഷം കുട്ടികള്‍ ജൂണ്‍ ഒന്നിന് സ്‌കൂളിലെത്തും.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടക്കാതിരുന്ന കായിക മേളകളും, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഈ വര്‍ഷം ഉണ്ടാകും. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പ്രവേശനോത്സവം.

കൊവിഡ് കാലത്തുണ്ടായിരുന്ന എല്ലാ മുന്‍കരുതലുകളും പിന്തുടരണം. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കുട്ടികള്‍ ഭക്ഷണം പരസ്പരം പങ്കുവെക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതല്‍ 17 വയസ്സ് വരെയുള്ള 54.12% കുട്ടികള്‍ക്കും, 12നും 14നും ഇടിയിലുള്ള 14.43% കുട്ടികള്‍ക്കുമാണ് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.

അതേസമയം, പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണം 90 ശതമാനത്തിലധികം പൂര്‍ത്തിയായിട്ടുണ്ട്.

അധ്യാപകരുടെ കുറവാണ് പ്രധാന പ്രതിസന്ധി. 1.8 ലക്ഷം അധ്യാപകരാണ് ഇന്ന് സ്‌കൂളിലേക്ക് എത്തുന്നത്. 353 പേരെ കഴിഞ്ഞദിവസം നിയമിച്ചു.

എന്നാല്‍ വിരമിക്കലിനും പ്രധാന അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും ശേഷം എത്ര പേരുടെ കുറവുണ്ടെന്നതില്‍ സര്‍ക്കാരിന് വ്യക്തമായ കണക്കില്ല.

ദിവസവേതനക്കാരെ നിയമിച്ച് അധ്യായനം മുടങ്ങാതെ നോക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

Content Highlight: After Covid, Schools reopens in Kerala

We use cookies to give you the best possible experience. Learn more