| Saturday, 10th April 2021, 10:18 pm

തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമ സംഭവങ്ങള്‍; ബംഗാളില്‍ കൂടുതല്‍ സായുധ സേനയെ വിന്യസിക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമ സംഭവങ്ങളെ മുന്നില്‍ കണ്ട് കൂടുതല്‍ സായുധ സേനയെ ഇറക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാല് ഘട്ടങ്ങളിലായി ഇനിയും നടക്കാനിരിക്കുന്ന വോട്ടെടുപ്പ് അക്രമങ്ങള്‍ കൂടാതെ പൂര്‍ത്തീകരിക്കാനാണ് നടപടി.

തെരഞ്ഞെടുപ്പിനിടെ ഇന്ന് ബംഗാളിലെ കൂച്ച് ബീഹറില്‍ നടന്ന അക്രമ സംഭവങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സായുധ സേനയുടെ 71 കൂടുതല്‍ കമ്പനികളെ വിന്യസിക്കണമെന്നാണ് ആവശ്യം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടാണ് സായുധ സേനയെ വിന്യസിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് 1000ത്തോളം സായുധ സേനയുടെ കമ്പനികളെ ബംഗാളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് കൂടുതല്‍ ബെറ്റാലിയനെ വിന്യസിക്കാനുള്ള തീരുമാനം.
.
85ഓളം പേര്‍ വരുന്ന സംഘങ്ങളാണ് ഒരു കമ്പനിയില്‍ ഉണ്ടാവുക. ബി.എസ്.എഫ്, ഐ.ടി.ബി.പി, സി.ആര്‍.പി.എഫ്, എസ്.എസ്.ബി, സി.ഐ.എസ്.എഫ് എന്നീ സായുധ സേനകളാണ് സംഘത്തിലുണ്ടാവുക.

തെരഞ്ഞെടുപ്പിനിടെ കൂച്ച് ബീഹറിലെ പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സായുധ സേന സംഘര്‍ഷത്തിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് തൃണമൂല്‍ രംഗത്തെത്തിയിരുന്നു. അതേസമയം ആക്രമണങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: After Cooch Behar violence, EC directs Home Ministry to deploy 71 more CAPF companies in West Bengal

We use cookies to give you the best possible experience. Learn more