ന്യൂദല്‍ഹി: ഡ്രൈവര്‍ മുസ്‌ലീമായതുകൊണ്ട് ഓല കാബ് കാന്‍സെല്‍ ചെയ്തെന്ന വി.എച്ച്.പി നേതാവിന്റെ വര്‍ഗ്ഗീയ പ്രസ്താവനയെ ട്രോളിലൂടെ നേരിട്ട് ട്വീറ്റുകള്‍. “ഒല കാബ് ക്യാന്‍സല്‍ ചെയ്തു, കാരണം ഡ്രൈവര്‍ മുസ്‌ലിം ആയിരുന്നു” എന്നാണ് വി.എച്ച്.പി നേതാവ് അഭിഷേക് മിശ്ര കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഇതിനെതിരെ പ്രതികരണവുമായി “കാന്‍സലഡ് ഓല കാബ്” എന്ന വാക്യം വച്ച് കൊണ്ട് നിരവധി പരിഹാസ ട്വീറ്റുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആയത്.
“ഒല കാബ് ക്യാന്‍സല്‍ ചെയ്തു, കാരണം ഡ്രൈവറുടെ പേര് അച്ഛാദിന് എന്നായിരുന്നു, നാല് വര്‍ഷമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ടും ഇതുവരെ എത്തിയിട്ടില്ല.” എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്ത്. പെട്രോള്‍ മുസ്‌ലിം രാജ്യത്ത് നിന്നായതിനാല്‍ കാബ് ക്യാന്‍സല്‍ ചെയ്തുവെന്നാണ് മറ്റൊരു ട്വീറ്റ്.
https://twitter.com/poisonaavi/status/988267415204081664
ഡ്രൈവറുടെ പേര് മോദിയെന്നായതിനാല്‍ കാബ് ക്യാന്‍സല്‍ ചെയ്‌തെന്നും, മുംബൈയില്‍ നിന്ന് ടാക്‌സി ബുക്ക് ചെയ്തപ്പോള്‍ ടാക്‌സി വിദേശ രാജ്യങ്ങളിലേക്ക് പറന്നുവെന്നും മോദിയെ പരിഹസിച്ചു കൊണ്ടും ട്വീറ്റുകളുണ്ട്. ബി.ജെ.പി സര്‍ക്കാരിനെയും നേതാക്കളെയും പരിഹസിച്ച് കൊണ്ടുള്ള ട്വീറ്റുകളാണ് ഏറെയും.
https://twitter.com/ankietdhiman/status/988365965254647808
ഏപ്രില്‍ 20നാണ് “ജിഹാദി”കള്‍ക്ക് തന്റെ പണം നല്‍കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് കാബ് കാന്‍സെല്‍ ചെയ്തു എന്ന് അഭിഷേക് മിശ്ര ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. മസൂദ് ആലം എന്ന് ഡ്രൈവറുടെ നാമം വ്യക്തമാക്കി കാബ് കാന്‍സലേഷന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍, അഭിഷേക് മിശ്രയുടെ പോസ്റ്റിനെതിരെ നിരവധിയാളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണവുമായെത്തിയത്. അഭിഷേക് മിശ്രയെ ബാന്‍ ചെയ്യണമെന്ന് പലരും ട്വിറ്ററിലൂടെ ഓലയോട് ആവശ്യപ്പെടുകയും ചെയ്തു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി ഓലയും രംഗത്തെത്തി. “നമ്മുടെ രാജ്യത്തെ പോലെ ഓലയും ഒരു മതനിരപേക്ഷ പ്ലാറ്റ്ഫോമാണ്. ഞങ്ങളുടെ ഡ്രൈവര്‍മാരോടോ ഉപഭോക്താക്കളോടോ ജാതിയുടേയോ മതത്തിന്റേയോ ലിംഗത്തിന്റേയോ അടിസ്ഥാനത്തില്‍ ഞങ്ങള്‍ വിവേചനം കാണിക്കില്ല. ഡ്രൈവര്‍മാരോടും ഉപഭോക്താക്കളോടും എല്ലായ്പ്പോഴും പരസ്പര ബഹുമാനത്തോടെ ഇടപെടാന്‍ നിര്‍ദേശിക്കാറുമുണ്ട്”, ഓല നിലപാട് വ്യക്തമാക്കി.
അയോധ്യ സ്വദേശിയായ അഭിഷേക് മിശ്ര ലക്നൗവില്‍ ഐ.ടി ഉദ്യോഗസ്ഥനാണ്. വി.എച്ച്.പിയുടെ ഐ.ടി സെല്ലിന്റെ ചുമതല കൂടി അദ്ദേഹം വഹിക്കുന്നുണ്ട്.