| Saturday, 1st August 2020, 10:26 pm

'യു.പി.എയുടെ പത്ത് വര്‍ഷം മെനഞ്ഞെടുത്ത കഥകള്‍ കൊണ്ട് വളച്ചൊടിക്കപ്പെട്ടു'; വിമര്‍ശനങ്ങള്‍ക്കിടെ മന്‍മോഹന്‍ സിംഗിനെ പിന്തുണച്ച് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രീയ തന്ത്രം രൂപപ്പെടുത്തുന്നതിനായി വ്യാഴാഴ്ച നടന്ന കോണ്‍ഗ്രസ് എം.പിമാരുടെ യോഗം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ തുറന്ന പ്രകടനമായി മാറിയിരുന്നു. മീറ്റിംഗ് നടന്ന് രണ്ട് ദിവസങ്ങള്‍ കഴിയുമ്പോള്‍ പാര്‍ട്ടിയിലെ ശശി തരൂര്‍, മനീഷ് തിവാരി, മിലിന്ദ് ദിയോറ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

മുതിര്‍ന്ന നേതാക്കളായ മനീഷ് തീവാരിയും മിലിന്ദ് ദിയോറയും മന്‍മോഹന്‍ സിംഗിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. തൊട്ട് പിന്നാലെ എം.പി ശശി തരൂരും പിന്തുണച്ച് കൊണ്ട് രംഗത്തെത്തി. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ പത്ത് വര്‍ഷങ്ങള്‍ മനഃപൂര്‍വ്വം മെനഞ്ഞെടുത്ത ചില കഥകള്‍ കൊണ്ട് വളച്ചൊടിക്കപ്പെട്ടുവെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

‘മിലിന്ദ് ദിയോറയെയും മനീഷ് തീവാരിയെയും ഞാന്‍ പിന്തുണയ്ക്കുന്നു, മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ പത്ത് വര്‍ഷങ്ങള്‍ മനഃപൂര്‍വ്വം മെനഞ്ഞെടുത്ത ചില കഥകള്‍ കൊണ്ട് വളച്ചൊടിക്കപ്പെടുകയായിരുന്നു,’തരൂര്‍ ട്വീറ്റ് ചെയ്തു.

മനീഷ് തീവാരിയുടെയും മിലിന്ദ് ദിയോറയുടെയും ട്വീറ്റുകള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വത്തില്‍ നടന്ന വെര്‍ച്വല്‍ യോഗത്തില്‍ വ്യാഴാഴ്ച 34 രാജ്യസഭാ എംപിമാര്‍ പങ്കെടുത്തിരുന്നു. വിവിധ ചര്‍ച്ചകള്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസിന്റെ അപചയത്തിന് കാരണം യു.പി.എ സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളാണെന്നായിരുന്നു യുവ നേതാക്കളുടെ വിമര്‍ശനം.

2014ലെ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ ഭാഗമായിരുന്ന മുന്‍ കേന്ദ്രമന്ത്രിമാരും മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി അടുത്ത നേതാക്കളും തമ്മിലാണ് പ്രധാനമായും അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more