| Friday, 23rd June 2023, 2:31 pm

13 പാട്ടുകള്‍ വരെ പാടിയ ദിവസങ്ങളുണ്ട്; ചിന്നചിന്ന ആസൈ പാടിയതിന് ശേഷം പാട്ടുകള്‍ കുറഞ്ഞു: മിന്‍മിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ദിവസം 13 പാട്ടുകള്‍ വരെ പാടിയ കാലം തന്റെ കരിയറില്‍ ഉണ്ടായിരുന്നതായും എന്നാല്‍ ചിന്നചിന്ന ആസൈ പാടിയതിന് ശേഷം അവസരങ്ങള്‍ കുറഞ്ഞു എന്നും ഗായിക മിന്‍മിനി. അമൃത ടി.വി.യുടെ പാടാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരക്കുകയായിരുന്നു അവര്‍. കിട്ടിയ അവസരങ്ങളെല്ലാം ഉപയോഗിച്ചിരുന്നു എന്നും പിതാവ് തന്നെ എല്ലായിടത്തും കൊണ്ടുപോയി പാട്ടുപാടിച്ചിരുന്നു എന്നും അവര്‍ പറഞ്ഞു.

‘ 13 പാട്ടുകള്‍ വരെ പാടിയ ദിവസങ്ങളുണ്ടായിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ കത്തിനിന്നു എന്ന് പറയുന്ന കാലം വരെയുള്ള ഘട്ടം ഒരുപാട് യാതനകള്‍ സഹിച്ചിട്ടുണ്ട്. എനിക്ക് കുറെ അവസരങ്ങള്‍ കിട്ടി. നല്ല അവസരങ്ങളൊന്നും പാഴാക്കാതെ എന്റെ അപ്പച്ഛന്‍ എന്നെ കൊണ്ടുനടന്ന് പാടിച്ചിട്ടുണ്ട്.

ഞങ്ങളുടെ പഞ്ചായത്ത് ഓഫീസില്‍ (കീഴ്മാട്) ഫോണ്‍ വന്നിട്ട് അത് ഉപയോഗിക്കുന്നത് ഞാനായിരുന്നു. കുറെ കാലത്തോളം എനിക്ക് വേണ്ടിയിട്ടായിരുന്നു ആ ഫോണ്‍ ഉപയോഗപ്പെടുത്തിയത്. വീട്ടില്‍ ഫോണില്ലാത്തത് കൊണ്ട് പഞ്ചായത്തിലെ നമ്പറാണ് എല്ലായിടത്തും കൊടുത്തിരുന്നത്. അവിടുത്തെ ഫോണ്‍ ശബ്ദിച്ചിരുന്നത് എനിക്ക് വേണ്ടിയായിരുന്നു. അങ്ങനെയൊരു കാലഘട്ടമുണ്ടായിരുന്നു. നിരവധി ഗാനമേളകളുണ്ടായിരുന്നു.

ചെന്നൈയില്‍ എത്തിയതിന് ശേഷം ബുദ്ധിമുട്ടുകളൊന്നുമുണ്ടായിട്ടില്ല. 91 മുതല്‍ 94 പകുതി വരെ മാത്രമായിരുന്നു ഞാന്‍ പാടിയിരുന്നത്. അന്നുണ്ടായിരുന്ന എല്ലാ സംഗീത സംവിധായകരുടെയും പാട്ടുകള്‍ പാടാന്‍ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാന്‍. ചിന്ന ചിന്ന ആസൈ പാടിയതിന് ശേഷമാണ് സത്യത്തില്‍ എനിക്ക് പാട്ടുകള്‍ കുറഞ്ഞത്. പക്ഷ അപ്പോഴും എന്നെ വിളിച്ചുകൊണ്ടിരുന്ന ആളാണ് ജോണ്‍സണ്‍ ചേട്ടന്‍. അദ്ദേഹത്തിന് ആരോടും അമിതമായ സ്‌നേഹമോ വെറുപ്പോ ഒന്നും ഉണ്ടായിരുന്നില്ല.

വയ്യാതിരിക്കുമ്പോഴും എന്നെ മിക്കവരും വിളിക്കുമായിരുന്നു. ഈ അവസ്ഥയില്‍ ഞാന്‍ സ്റ്റുഡിയോയില്‍ പോയാല്‍, ഞാന്‍ പാടുന്നത് ശരിയാകാതെ വന്നാല്‍ ബാക്കിയുള്ള ആര്‍ടിസ്റ്റുകളെയൊക്കെ ഞാന്‍ ബുദ്ധിമുട്ടിക്കുകയാണല്ലോ എന്നോര്‍ത്ത് ആ അവസരങ്ങളെല്ലാം ഞാന്‍ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു,’ മിന്‍മിനി പറഞ്ഞു.

content highlights: After Chinnachinna Asai sings the songs subside: Minmini

We use cookies to give you the best possible experience. Learn more