വനിതാ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് വീണ്ടും തോല്‍വിയേറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഫൈനലിന് യോഗ്യത നേടിയ ദല്‍ഹിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടായിരുന്നു തോല്‍വി വഴങ്ങേണ്ടി വന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 113 റണ്‍സിന് ഓള്‍ ഔട്ടായി. 27 പന്തില്‍ 44 റണ്‍സ് നേടിയ ഓപ്പണര്‍ ഷെഫാലി വര്‍മക്കും 23 പന്തില്‍ 23 റണ്‍സ് നേടിയ മെഗ് ലാന്നിങ്ങിനുമൊഴിക മറ്റൊരാള്‍ക്കും ചെറുത്ത് നില്‍ക്കാന്‍ പോലും സാധിക്കാതെ വന്നതോടെ ദല്‍ഹി 113ലൊതുങ്ങി.
ചെറിയ വിജയലക്ഷ്യത്തിലേക്ക് തിരക്കേതുമില്ലാതെ ബെംഗളൂരു അടിവെച്ച് നടന്നെത്തിയപ്പോള്‍ അവസാന ഓവറില്‍ മന്ഥാനയും സംഘവും വിജയിച്ച് കപ്പുയര്‍ത്തി.
A scorecard that won’t undercut the fantastic tournament this team has had. #DCvRCB pic.twitter.com/5n88fC1P7z
— Delhi Capitals (@DelhiCapitals) March 17, 2024
ഇത് രണ്ടാം തവണയാണ് ദല്‍ഹി ഫൈനലില്‍ തോല്‍വിയറിയുന്നത്. ആദ്യ സീസണില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മുംബൈ ഇന്ത്യന്‍സിനോടായിരുന്നു ദല്‍ഹി തോല്‍വിയേറ്റുവാങ്ങിയത്. ഇപ്പോള്‍ രണ്ടാം സീസണില്‍ രണ്ടാം ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സിനോടും തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ്.
ഇത്തരത്തില്‍ തുടര്‍ച്ചയായ രണ്ട് ഫൈനലുകളില്‍ തോല്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു ടീം ഐ.പി.എല്ലിലുമുണ്ട്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2012ലും 2013ലുമാണ് ചെന്നൈ കലാശപ്പോരാട്ടത്തില്‍ പരാജയപ്പെട്ടത്.
തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ കപ്പുയര്‍ത്തി ഹാട്രിക് കിരീടമെന്ന സ്വപ്‌നത്തിന് മുമ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ധോണിപ്പടക്ക് തോല്‍വി വിധിക്കുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ അഞ്ച് വിക്കറ്റിനാണ് സൂപ്പര്‍ കിങ്‌സ് പരാജയപ്പെട്ടത്.
2013ല്‍, തുടര്‍ച്ചയായ അഞ്ചാം തവണയും ധോണിക്ക് കീഴില്‍ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ പ്രവേശിച്ചു. അന്ന് കലാശപ്പോരാട്ടത്തില്‍ നേരിടാനുണ്ടായിരുന്നത് ചിര വൈരികളായ മുംബൈ ഇന്ത്യന്‍സിനെയും. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും സൂപ്പര്‍ കിങ്‌സിന് കാലിടറി.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിന് ചെന്നൈയെ തോല്‍പിച്ച മുംബൈ തങ്ങളുടെ ആദ്യ കിരീടവും സ്വന്തമാക്കിയിരുന്നു.
Content highlight: After Chennai Super Kings, Delhi Capitals have lost two consecutive finals