| Saturday, 31st August 2024, 9:52 pm

ചമ്പായ് സോറന് പിന്നാലെ മുതിര്‍ന്ന ജെ.എം.എം നേതാവും ബി.ജെ.പിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പായ് സോറന് പിന്നാലെ മുതിര്‍ന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവും ബി.ജെ.പിയിലേക്ക്. മുന്‍ ജെ.എം.എം എം.എല്‍.എ ലോബിന്‍ ഹെംബ്രോംമാണ് പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സാന്നിധ്യത്തില്‍ ബി.ജെ.പി ജാര്‍ഖണ്ഡ് അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയാണ് ഹെംബ്രോമിന് പാര്‍ട്ടി അംഗത്വം നല്‍കിയത്.

ജെ.എം.എം ആദ്യകാലത്തില്‍ നിന്ന് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും മുതിര്‍ന്ന പ്രവര്‍ത്തകരോട് ബഹുമാനമില്ല. അതിനാല്‍ തന്നെ ജാര്‍ഖണ്ഡിന്റെ വികസനത്തിനും ആദിവാസികളുടെ ഉന്നമനത്തിനുമായി താന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന് ലോബിന്‍ ഹെംബ്രോം പറഞ്ഞു.

അതേസമയം കൂറുമാറ്റ നിരോധന നിയമപ്രകാരം ജാര്‍ഖണ്ഡ് നിയമസഭയില്‍ നിന്ന് ജൂലൈ 26 മുതല്‍ ഹെംബ്രോം അയോഗ്യനാക്കപ്പെട്ടിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ജെ.എം.എം നോമിനിയായ വിജയ് ഹന്‍സ്ദാക്കിനെ വെല്ലുവിളിച്ച് രാജ്മഹല്‍ സീറ്റില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഹെംബ്രോം മത്സരിക്കുകയുണ്ടായി.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ലോബിനെ അയോഗ്യനാക്കുകയായിരുന്നു. ജെ.എം.എമ്മിന്റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ലോബിന്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് ചമ്പായ് സോറന്‍ ജെ.എം.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

റാഞ്ചിയില്‍ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ വെച്ചാണ് സോറന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തരമന്ത്രി അമിത് ഷായുമായി ദല്‍ഹിയില്‍ വെച്ച് സോറന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ജെ.എം.എമ്മില്‍ നിന്ന് സോറന്‍ രാജി വെച്ചുവെന്ന് അറിയിച്ചുകൊണ്ട് പാര്‍ട്ടി നേതാവ് ഷിബു സോറന് അയച്ച കത്തില്‍, പാര്‍ട്ടി അടിസ്ഥാന ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചതില്‍ സോറന്‍ നിരാശ അറിയിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സോറന്റെ പാര്‍ട്ടി പ്രവേശനം ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

ആദിവാസി നേതാവായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ചമ്പായ് സോറന്‍ ജാര്‍ഖണ്ഡില്‍ നിന്ന് ഏഴ് തവണ നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2024 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രിയായ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ചമ്പായ് സോറന്‍ താത്കാലിക മുഖ്യമന്ത്രിയായി ചുമതലയേറ്റു.

എന്നാല്‍ ഹേമന്ത് സോറന്‍ ജയിലില്‍ നിന്ന് പുറത്ത് വന്നതോടെ ചമ്പായ് സോറന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുകയായിരുന്നു. ഈ തീരുമാനത്തില്‍ ചമ്പായ് സോറന് അതൃപ്തി ഉണ്ടായിരുന്നതായും ഇതാണ് കൂറുമാറ്റത്തിലേക്ക് നയിച്ചതുമെന്നാണ് സൂചന. ഇതിനുപിന്നാലെയാണ് മുന്‍ എം.എല്‍.എയും ജെ.എം.എം വിട്ടത്.

Content Highlight: After Champai Soren, a senior JMM leader also joined the BJP

We use cookies to give you the best possible experience. Learn more