| Saturday, 15th October 2016, 8:40 pm

ചലോ ഉനയ്ക്കും ചലോ ഉഡുപ്പിക്കും ശേഷം ചലോ തിരുവനന്തപുരം: ജിഗ്നേഷ് മേവാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂമിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരാന്‍ പോകുകയാണെന്നും ഇതിനുശേഷം ചലോ രാജസ്ഥാന്‍, ചലോ യു.പി, ചലോ ത്രിപുര തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ മുദ്രാവാക്യവുമായി കടന്നു ചെല്ലുമെന്നും ജിഗ്നേഷ് മേവാനി വ്യക്തമാക്കി.


തൃശൂര്‍: ചലോ ഉനയും ചലോ ഉഡുപ്പിക്കും ശേഷം ഇവിടെ ചലോ തിരുവനന്തപുരം എന്ന മുദ്രാവാക്യം താന്‍ മുന്നോട്ടുവെയ്ക്കുകയാണെന്ന് ഗുജറാത്ത് ദളിത് സമരനായകന്‍ ജിഗ്നേഷ് മേവാനി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂമിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരാന്‍ പോകുകയാണെന്നും ഇതിനുശേഷം ചലോ രാജസ്ഥാന്‍, ചലോ യു.പി, ചലോ ത്രിപുര തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ മുദ്രാവാക്യവുമായി കടന്നു ചെല്ലുമെന്നും ജിഗ്നേഷ് മേവാനി വ്യക്തമാക്കി.

തൃശൂരില്‍ നടന്ന ഭൂ അധികാര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലോ ഉന പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും ഏതാനും സി.പി.ഐ.എം പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ടായിരുന്നു, നിങ്ങള്‍ ഭരിക്കുന്ന കേരളമാണിത് കോര്‍പ്പറേറ്റുകളുടെ കയ്യിലിരിക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ മനുഷ്യര്‍ക്ക് വിതരണം ചെയ്യണമെന്നാണ് ഇവരോട് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സ്വാഭിമാനവും നമ്മുടെ ആത്മാഭിമാനവും സംരക്ഷിക്കാന്‍ ഡോ. ബി.ആര്‍ അംബേദ്ക്കറിന്റേയും ജ്യോതിഭാ ഫൂലെയുടെയുമൊക്കെ നമുക്ക് നല്‍കിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട മുന്നോട്ടുപോകേണ്ടതുണ്ടെന്നും മേവാനി ആഹ്വാനം ചെയ്തു.

പ്രശ്‌നങ്ങള്‍ അത്രയും സങ്കീര്‍ണമായ രീതിയിലാണ് നമ്മുടെ മുന്നില്‍ അവതരിച്ചിട്ടുള്ളത്. ജാതി പ്രശ്‌നം ഇന്ത്യയില്‍ ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നമാണ്. ഒരു ദിവസം 4.3 ദളിത് സ്ത്രീകള്‍ ഇന്ത്യയില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഓരോ 18 മിനിറ്റിലും ദളിതര്‍ക്കെതിരായിട്ടുള്ള അക്രമങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. അതിനെതിരായി എത്രമാത്രം പ്രതിഷേധങ്ങള്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരണമോ അത്രമാത്രം ഉയര്‍ന്നുവരുന്നില്ല എന്നത് സങ്കടകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമുക്ക് ഒന്നിച്ചു നില്‍ക്കാന്‍ കഴിയുന്ന ഒരു വേദിയിലിരുന്നു കൊണ്ടുവേണം എന്ത് വിലകൊടുത്തും ഇതിനെതിരായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍. രാജ്യം മുഴുവന്‍ ഗുജറാത്ത് മോഡല്‍ നടപ്പിലാക്കാനാണ് മോദി ശ്രമിക്കുന്നത്. എന്താണ് ഗുജറാത്ത് മോഡല്‍ എന്നത് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ദളിതരെ അകറ്റി, എല്ലാവര്‍ക്കും വികസനം എന്ന മോദിയുടെ മുദ്രാവാക്യത്തിന്റെ പൊരുള്‍ എന്താണെന്ന് മേവാനി ചോദിക്കുന്നു. ദളിതരെ അകറ്റിനിര്‍ത്തുന്ന നവലിബഫലിസത്തിന്റെ ഏറ്റവും വൃത്തികെട്ട ഒരു രൂപമാണത്.

ദളിതരെ പശുവിന്റെ തോലുരിഞ്ഞതിന്റെ പേരില്‍ ആക്രമിക്കുന്ന, 120ലേറെ ഗ്രാമങ്ങളില്‍ ദളിതര്‍ക്ക് പൊലീസ് സംരക്ഷണത്തില്‍ കഴിയേണ്ട, വിദ്യാഭ്യാസം നേടിയതിനു ശേഷം ഗുജറാത്തില്‍ 9ലക്ഷം യുവാക്കള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന, ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന, പതിനായിരക്കണക്കിന് ശുചീകരണ തൊഴിലാളികള്‍ക്ക് അടിസ്ഥന ശമ്പളം പോലും നല്‍കാത്ത ഒരു മാതൃകയാണ് ഗുജറാത്ത് മോഡലെന്നും മേവാനി വ്യക്തമാക്കി. ഈ ഗുജറാത്ത് മോഡലിനെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12 ലക്ഷം ഏക്കര്‍ ഭൂമി ദളിതര്‍ക്ക് നല്‍കാന്‍  ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. എന്നാല്‍ ഇന്നും അത് വെറും കടലാസില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി ഗുജറാത്തില്‍ തരിശായി കിടക്കുകയാണ്. ഇതൊന്നും ദളിതര്‍ക്ക് നല്‍കാതെ താന്‍ അംബേദ്ക്കര്‍ ഭക്തനാണെന്നും ദളിത് സേവകനാണെന്നും മോദി പറയുകയാണെന്ന് മേവാനി ചൂണ്ടിക്കാട്ടി.

4 ദളിത് യുവാക്കളെ അറസ്റ്റ് ചെയ്ത്‌കൊണ്ട് ഗുജറാത്തിലെ ദളിത് പ്രക്ഷോഭങ്ങളെ തകര്‍ക്കാന്‍ മോദി ശ്രമിക്കുകയാണ്. 4 ദളിത് യുവാക്കളെ അറസ്റ്റ് ചെയ്ത്‌കൊണ്ടോ ജയിലിലടച്ചതുകൊണ്ടോ തകരുന്നതല്ല ഈ പ്രസ്ഥാനം ഇത് രാജ്യവ്യാപകമായി തന്നെ പടരാന്‍ പോകുന്ന ഒന്നാണെന്നുമാണ് മോദിയോട് തനിക്ക് പറയാനുള്ളതെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.

രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ശേഷം രാജ്യത്താകമാനം ഉയര്‍ന്നുവന്ന ദളിത് പ്രതിഷേധങ്ങള്‍ക്ക് ശേഷം പ്രത്യേകിച്ചും ഹിന്ദുത്വ ലബോറട്ടറിയായ ഗുജറാത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധം ഈ രാജ്യം മുഴുവന്‍ പടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരുന്ന ഡിസംബര്‍ 25ന് മനുവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന രാജസ്ഥാന്‍ ഹൈക്കോടതിക്കുമുന്നില്‍ മനുസ്മൃതി കത്തിച്ചുകൊണ്ട് ദേശവ്യാപകമായ ഒരു പ്രക്ഷോഭം ആരംഭിക്കാന്‍ പോകുകയാണെന്നും മേവാനി അറിയിച്ചു. തുടര്‍ന്ന് യു.പിയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ഈയൊരു പ്രതിഷേധത്തിന്റെ അഗ്നിജ്വാലകളുമായി മുന്നോട്ടുപോകുമെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.

നാം ഈ വിഷയം കേവലമൊരു വൈകാരിക വിഷയമായി അല്ല ഉയര്‍ത്തേണ്ടത് നമ്മുടെ അധികാരവുമായി ബന്ധപ്പെട്ടും നമ്മുടെ തൊഴിലുമായും അവകാശവുമായും ആത്മാഭിമാനുമായും ഒക്കെ ബന്ധപ്പെടുത്തി കൊണ്ടാണ് ഇവയ്‌ക്കെതിരെ നാം പോരാടേണ്ടതെന്നും മേവാനി ആഹ്വാനം ചെയ്തു.

We use cookies to give you the best possible experience. Learn more