national news
'ജാതി സെൻസസിന് ശേഷം സാമ്പത്തിക സർവേ'; ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 16, 09:15 am
Friday, 16th February 2024, 2:45 pm

ഓറംഗാബാദ്: ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ ജാതി സെൻസസിന് പുറമേ സമൂഹത്തിന്റെ സാഹചര്യം വിലയിരുത്താൻ സാമ്പത്തിക സർവേയും നടത്തുമെന്ന് കോൺഗ്രസ്‌ എം.പി രാഹുൽ ഗാന്ധി.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ബീഹാറിലെ ഓറംഗാബാദിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ ജാതി സെൻസസിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ജാതി സെൻസസ് ഒരു സാമൂഹ്യ എക്സ്-റേ ആണെന്നും രാജ്യത്തെ 73 ശതമാനം വരുന്ന ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് വലിയ കോർപ്പറേറ്റ് മേഖലയിലോ മാധ്യമ സ്ഥാപനങ്ങളിലോ ഹൈക്കോടതിയിലോ പ്രാതിനിധ്യം വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ സ്വയം ഒ.ബി.സി ആണെന്ന് പറഞ്ഞുകൊണ്ടിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ പറയുന്നത് രണ്ട് ജാതികൾ മാത്രമേയുള്ളൂ, അത് പാവപ്പെട്ടവനും പാണക്കാരനുമാണെന്നാണ് എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഓരോ വർഷവും രാജ്യത്തെ യുവജനങ്ങൾക്ക് രണ്ട് കോടിയിലധികം തൊഴിൽ ലഭ്യമാക്കുമെന്നതിൽ മോദി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം പഴയ ഗ്യാരണ്ടികൾ പൂർത്തിയാക്കിയിട്ട് പുതിയ ഗ്യാരണ്ടികൾ ഉണ്ടാക്കൂ എന്ന് രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ്‌ ചെയ്തു.

‘മോദി ജി, ‘പുതിയ ഗ്യാരണ്ടികൾ’ക്ക് മുമ്പ് ‘പഴയ ഗ്യാരണ്ടികൾ’ കണക്കുകൂട്ടൂ. ഓരോ വർഷവും രണ്ട് കോടി തൊഴിലുകൾ എന്ന ഗ്യാരണ്ടി, തെറ്റ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന ഗ്യാരണ്ടി, തെറ്റ്. കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന ഗ്യാരണ്ടി, തെറ്റ്. പണപ്പെരുപ്പം കുറയ്ക്കുമെന്ന ഗ്യാരണ്ടി, തെറ്റ്.

ഓരോ അക്കൗണ്ടിലും 15 ലക്ഷം നിക്ഷേപിക്കുമെന്ന ഗ്യാരണ്ടി, തെറ്റ്. സ്ത്രീകളുടെ സുരക്ഷക്കും മാനത്തിനുമുള്ള ഗ്യാരണ്ടി, തെറ്റ്. രൂപയെ ശക്തിപ്പെടുത്തുമെന്ന ഗ്യാരണ്ടി, തെറ്റ്. ചൈനയെ പാഠം പഠിപ്പിക്കുമെന്ന ഗ്യാരണ്ടി, കള്ളം. ഞാൻ തിന്നുകയുമില്ല, തിന്നാൻ ബാക്കിയുള്ളവരെ അനുവദിക്കുകയുമില്ല എന്ന ഗ്യാരണ്ടി, തെറ്റ്,’ രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

കഴിഞ്ഞ 10 വർഷമായി വ്യാജ സ്വപ്നങ്ങളുടെ മൈക്രോഫോണും കൈയിൽ പിടിച്ച് ചുറ്റിത്തിരിയുന്ന പ്രധാനമന്ത്രി രാജ്യത്ത് ഒരു തട്ടിപ്പിന്റെ ബിസിനസ് ആണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlight: After ‘Caste Census’, Rahul Gandhi Promises ‘Financial Survey’