അമരീന്ദര്‍ എന്ന വന്‍മരം വീണു! അടുത്തത് ഗെലോട്ടോ? അണിയറയിലെ നീക്കങ്ങള്‍ ഇങ്ങനെ
National Politics
അമരീന്ദര്‍ എന്ന വന്‍മരം വീണു! അടുത്തത് ഗെലോട്ടോ? അണിയറയിലെ നീക്കങ്ങള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th September 2021, 8:17 pm

നാളുകളായി നീണ്ടുനിന്ന കലഹങ്ങള്‍ക്കൊടുവില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്.

ഇനിയും അപമാനം സഹിക്കാന്‍ തനിക്ക് വയ്യെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം രാജിവെച്ചത്.

അമരീന്ദറും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ വെല്ലുവിളിയായിരുന്നു. സിദ്ദു അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതിലുള്ള എതിര്‍പ്പ് അമരീന്ദര്‍ പ്രകടമാക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

പ്രിയങ്കാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും അടുത്ത ആളായ സിദ്ദു അധ്യക്ഷസ്ഥാനത്തേക്ക് എത്തുകയായിരുന്നു.
അങ്ങനെ ഏറ്റവും ഒടുവിലായിരുന്നു അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത്.

അമരീന്ദറിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിച്ചതോടെ എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിലേക്കാണ്. പഞ്ചാബിന് സമാനമായ അവസ്ഥയാണ് രാജസ്ഥാനിലും.

അമരീന്ദറിന് പകരം ഗെലോട്ടും സിദ്ദുവിന് പകരം രാജസ്ഥാന്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും ആണെന്ന് മാത്രം.

ഗെലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിനും എം.എല്‍.എമാരും പാര്‍ട്ടി വിട്ടുപുറത്തുപോയിരുന്നു. എന്നാല്‍, ഗെലോട്ടിന്റെ എതിര്‍പ്പ് മറികടന്ന് പ്രിയങ്കയും രാഹുലും സച്ചിനെ തിരികെ എത്തിച്ചു. ഗെലോട്ട് തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കാര്യമുണ്ടായിരുന്നില്ല.

ഇപ്പോള്‍ രാജസ്ഥാന്‍ മന്ത്രിസഭ വിപൂലീകരിക്കുന്നത് ചൊല്ലിയാണ് തര്‍ക്കം. സച്ചിന്‍ പക്ഷത്തെ എം.എല്‍.എമാരെക്കൂടി ഉള്‍ക്കൊള്ളിച്ച് വിപൂലികരിക്കാനാണ് ഉന്നത നേതൃത്തിന് താല്‍പര്യം. സച്ചിന്റെ പിണക്കം മാറ്റാന്‍ ഇത് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വത്തിന്റെ ഈ തീരുമാനം.

എന്നാല്‍, ഗെലോട്ട് നേതൃത്വത്തിന്റെ സമവായത്തോട് മുഖം തിരിച്ചുനില്‍ക്കുകയാണ്. ഇനി ഇത് പരിഹരിക്കുക എന്നതാണ് നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി.

രാജസ്ഥാനിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഉദ്ദേശിക്കുന്നതെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

അങ്ങനെയാണെങ്കില്‍ അമരീന്ദറിന്റെ അതേഗതി തന്നെയാകുമോ ഗെലോട്ടിന് എന്ന ചോദ്യമാണ് ഉയര്‍ന്നുനില്‍ക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: After Capt Amarinder Singh, clock ticking for Gehlot, Baghel?