ലക്‌നൗ: ബീഹാറിലെ ബക്സാറില്‍ ഗംഗാ നദീതീരത്ത് അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ യു.പിയിലെ ഗാസിപ്പൂരിലും മൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞതായി റിപ്പോര്‍ട്ട്. അഴുകിയ നിലയിലാണ് മൃതദേഹങ്ങളില്‍ ഭൂരിഭാഗവും. കൊവിഡ് രോഗികളുടേതാണോ എന്ന് സംശയിക്കുന്നതായി ഗാസിപ്പൂര്‍ മുനിസിപ്പാറ്റി അധികൃതര്‍ പറഞ്ഞു.
‘മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ എവിടെ നിന്നാണ് വന്നതെന്ന് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്,’ ഗാസിപ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബീഹാറിലെ ബക്സാറിലാണ് അഴുകിയ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. 40 ല്‍ അധികം മൃതദേഹങ്ങളാണ് അഴുകിയനിലയില്‍ തീരത്തടിഞ്ഞത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീമാണ് ഇതെന്നാണ് പ്രാദേശിക ഭരണകൂടം ആരോപിച്ചത്.
40-45 മൃതശരീരങ്ങളാണ് തീരത്തടിഞ്ഞതെന്ന് ചൗസ ജില്ലയിലെ ഉദ്യോഗസ്ഥനായ അശോക് കുമാര്‍ പറഞ്ഞിരുന്നു. മൃതശരീരങ്ങള്‍ വലിച്ചെറിഞ്ഞതാവാമെന്നാണ് ഇദ്ദേഹം പറഞ്ഞത്. 100ന് അടുത്ത് മൃതദേഹങ്ങള്‍ ഉണ്ടാകുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
അഞ്ചു മുതല്‍ ഏഴ് ദിവസമെങ്കിലും മൃതദേഹങ്ങള്‍ വെള്ളത്തില്‍ കിടന്നിട്ടുണ്ടാകുമെന്നാണ് മറ്റൊരു ഉദ്യോഗസ്ഥനായ കെ.കെ ഉപാധ്യായ പറഞ്ഞത്. വാരണാസിയില്‍ നിന്നോ അലഹബാദില്‍ നിന്നോ ആവാം മൃതദേഹങ്ങള്‍ നദിയില്‍ എറിഞ്ഞതെന്നാണ് ഇദ്ദേഹം ആരോപിച്ചു.
മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് തങ്ങളുടെ സംസ്‌കാരമല്ലെന്നും ഉപാധ്യായ പറഞ്ഞു.
രാജ്യത്ത് കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത്രയേറെ മൃതദേഹങ്ങള്‍ നദീ തീരത്തടിഞ്ഞത് വലിയ രീതിയിലുള്ള ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlights: After Buxar, bodies found floating in Ganga in UP’s Ghazipur