ലക്നൗ: യു.പിയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ സജീവമാക്കില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി. ഗോരഖ്പൂരിലും ഫുല്‍പൂരിലും ബി.എസ്.പിയുടെ പിന്തുണയോടെ വിജയിച്ചശേഷം കൈരാന പാര്‍ലമെന്ററി മണ്ഡലത്തിലും നൂപുര്‍ നിയമസഭാ സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സമാജ്വാദി പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തുന്ന പ്രഖ്യാപനം മായാവതി നടത്തിയിരിക്കുന്നത്.
ബി.എസ്.പി ജില്ലാ, സോണല്‍ കോഡിനേറ്റര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തുവിട്ട പ്രസ്താവനയിലാണ് മായാവതി ഇക്കാര്യം അറിയിച്ചത്. ” ഗോരഖ്പൂരിലും ഫുല്‍പൂരിലും ചെയ്തതുപോലെ പ്രവര്‍ത്തകരെ ബി.എസ്.പി വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ അണിനിരത്തില്ല.” എന്നാണ് പ്രസ്താവനയില്‍ പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു
എസ്.പിയുടെ പിന്തുണയുണ്ടായിരുന്നിട്ടും ബി.എസ്.പിയ്ക്ക് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിനു പിന്നാലെയാണ് ഇത്തരമൊരു പ്രസ്താവന പാര്‍ട്ടി പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയെ പിന്തുണച്ചുള്ള എസ്.പിയുടെ ശ്രമങ്ങളില്‍ മായാവതി സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനുവേണ്ടി സ്വതന്ത്ര എം.എല്‍.എയായ രഘുരാജ് പ്രതാപിനെ ആശ്രയിച്ചുകൊണ്ട് എസ്.പി നേതാവ് അഖിലേഷ് യാദവ് രാഷ്ട്രീയ അപക്വത പ്രകടിപ്പിച്ചിരിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അഖിലേഷിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ആദ്യ പ്രാമുഖ്യം ബി.എസ്.പിയുടെ സ്ഥാനാര്‍ത്ഥിക്കായിരുന്നു നല്‍കുകയെന്നും അവര്‍ പറഞ്ഞിരുന്നു.
അതേസമയം, 2019ല്‍ ബി.ജെ.പിയെ അധികാരത്തില്‍ തിരിച്ചെത്താന്‍ അനുവദിക്കില്ല എന്ന കാര്യം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് തീരുമാനിക്കണമെന്ന് യോഗത്തില്‍ മായാവതി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
“രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടി എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ നമ്മള്‍ തീരുമാനിച്ചിരുന്നു. ബി.എസ്.പിയെയും എസ്.പിയെയും അകറ്റാന്‍ പറ്റാവുന്നതെല്ലാം ബി.ജെ.പി ചെയ്യും. ബി.ജെ.പി അധികാരത്തിലെത്തുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ നമ്മളും മറ്റെല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് ശ്രമിക്കണം. എന്നാണ് മായാവതി കോഡിനേറ്റര്‍മാരോട് പറഞ്ഞത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 32 വോട്ടുകള്‍ നേടിയ ബി.എസ്.പി സ്ഥാനാര്‍ത്ഥി ബി.ജെ.പിയോടു പരാജയപ്പെട്ടിരുന്നു. ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരും ഏഴ് എസ്.പി എം.എല്‍.എമാരും ബി.എസ്.പിക്കു വോട്ടു ചെയ്തിരുന്നു. എന്നാല്‍ മായാവതി പത്തു എസ്.പി എം.എല്‍.എമാരുടെയും പിന്തുണആവശ്യപ്പെട്ടിരുന്നു. ബി.എസ്.പിക്ക് വോട്ടുചെയ്യാമെന്ന് ആര്‍.എല്‍.ഡി ഉറപ്പുനല്‍കിയിരുന്നെങ്കിലും അവരുടെ വോട്ട് അസാധുവായിരുന്നു. ബി.ജെ.പിക്കുവേണ്ടി മനപൂര്‍വ്വം വോട്ട് അസാധുവാക്കിയതാണെന്ന് ആരോപിച്ച് മായാവതി ഇതിനെതിരെ രംഗത്തുവരികയുംചെയ്തിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചരണത്തില്‍ സജീവമാകില്ലെന്ന പ്രസ്താവന കൈരാന തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ബി.എസ്.പിയുടെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം