| Friday, 23rd February 2024, 2:18 pm

ആദ്യം ഷൂട്ട് ചെയ്തിട്ട് കാര്യമുണ്ടോ എല്ലാം മമ്മൂട്ടി കൊണ്ടുപോയില്ലേ, ഭ്രമയുഗത്തിന് പിന്നാലെ ചർച്ചയായി മോഹൻലാൽ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ചിത്രം ഭ്രമയുഗം തിയേറ്ററിൽ ഗംഭീര അഭിപ്രായവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഭൂതകാലം എന്ന ചിത്രത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം കഥ കൊണ്ടും അവതരണ രീതി കൊണ്ടും മലയാള സിനിമ ഇന്നുവരെ പരീക്ഷിക്കാത്ത തരത്തിലുള്ള ഒരു ചിത്രമാണ്. വർഷങ്ങൾക്കുശേഷം പൂർണമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ചിത്രമാണ് ഭ്രമയുഗം.

എന്നാൽ കാലങ്ങൾക്കിപ്പുറം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവുമായി ആദ്യം വരാൻ ഒരുങ്ങിയത് മോഹൻലാലിന്റെ ഒരു ചിത്രമാണ് എന്ന രീതിയിലാണ് സോഷ്യൽ മീഡിയകളിൽ ചർച്ച നടക്കുന്നത്. നെറ്റ്ഫ്ലിക്സ് ആന്തോളജിയുടെ ഭാഗമായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രമാണ് ഭ്രമയുഗത്തിന് മുമ്പ് ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ഷൂട്ട്‌ ചെയ്ത ചിത്രമെന്നാണ് ചർച്ചകൾ.

1960ൽ പി.എൻ മേനോന്റെ സംവിധാനത്തിൽ എം. ടി വാസുദേവൻ നായർ തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു ഓളവും തീരവും. എം.ടിയുടെ എഴുത്തുകളെ ആസ്‌പദമാക്കി ഒരുക്കുന്ന ആന്തോളജിയുടെ ഭാഗമായാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഓളവും തീരത്തിന്റെ റീമേക്ക്‌ ഒരുങ്ങുന്നത്. 2022ൽ പൂർത്തിയായ ചിത്രത്തിനായി സന്തോഷ്‌ ശിവനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

മധു അവതരിപ്പിച്ച ബാപ്പുട്ടി എന്ന വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഉഷാനന്ദിനി അവതരിപ്പിച്ച നായിക വേഷത്തിൽ ദുർഗാ കൃഷ്ണയാണ് അഭിനയിക്കുന്നത്. ഹരീഷ് പേരടി, സുരഭി ലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മമ്മൂട്ടി ചിത്രം ഭ്രമയുഗം മികച്ച അഭിപ്രായവുമായി കുതിക്കുമ്പോഴാണ് സൂപ്പർ താരങ്ങളുടെ ആരാധകർക്കിടയിൽ ചർച്ചകൾ മുറുകുന്നത്. ഭ്രമയുഗത്തെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് എന്നുള്ളതാണ്.

എന്തായാലും മമ്മൂട്ടി ചിത്രം പോലെ മോഹൻലാലിന്റെ ഓളവും തീരവും ബ്ലാക്ക് ആൻഡ്‌ വൈറ്റാണോ കളറാണോ എന്ന് കണ്ടുതന്നെ അറിയണം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Content Highlight: After Bramayugam Release Mohanlal’s Olavum Theeravum On Discussion

Latest Stories

We use cookies to give you the best possible experience. Learn more