ന്യൂദല്‍ഹി: മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഫ് എക്‌സല്‍ പരസ്യത്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. #BoycottSurfExcel എന്ന ഹാഷ്ടാഗിലാണ് സൈബര്‍ ആക്രമണം.
ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെണ്‍കുട്ടി തന്റെ മുസ്‌ലിം സുഹൃത്തിനെ അവന്റെ കുര്‍ത്തയിലും പൈജാമയിലും ചായം പറ്റാതെ വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയിലെത്താന്‍ സഹായിക്കുന്നതാണ് പരസ്യം.
ബക്കറ്റ് നിറയെ ചായവുമായി കാത്തിരിക്കുന്ന ഒരു കൂട്ടം കുട്ടികള്‍ക്കു മുമ്പില്‍ ഹിന്ദു പെണ്‍കുട്ടി പോയി നില്‍ക്കുകയും അവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ചായം മുഴുവനും തനിക്കുമേല്‍ എറിഞ്ഞെന്ന് ഉറപ്പുവരുത്തിയശേഷം അവള്‍ മുസ്‌ലിം സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരികയും സൈക്കിളില്‍ പള്ളിയിലെത്തിക്കുകയും ചെയ്യുന്നു.
പെണ്‍കുട്ടിയ്ക്കുമേല്‍ ചായം എറിഞ്ഞവരില്‍ ഒരു കുട്ടിയുടെ കയ്യില്‍ അല്പം ചായം ബാക്കിയുണ്ടായിരുന്നു. മുസ്‌ലിം സുഹൃത്തുമായി പെണ്‍കുട്ടി പോകവേ ആ കുട്ടി ബാക്കിയുള്ള ചായം എറിയാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ അവളെ തടയുന്നു.
പള്ളിയ്ക്കു മുമ്പില്‍ സുഹൃത്തിനെ ഇറക്കിവിടുമ്പോള്‍ “ഞാന്‍ നിസ്‌കരിച്ചശേഷം വേഗം വരാം” എന്നു പറഞ്ഞാണ് സുഹൃത്ത് പടികള്‍ കയറി പോകുന്നത്. “നമുക്ക് ചായത്തില്‍ കളിക്കാലോ”യെന്ന് പെണ്‍കുട്ടി മറുപടി പറയുകയും ചെയ്യുന്നു.
ഈ പരസ്യത്തിനെതിരെയാണ് ഹിന്ദുത്വ സംഘം രംഗത്തെത്തിയിരിക്കുന്നത്.
ഈ പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നിങ്ങളുടെ എല്ലാ ഉല്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്നാണ് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നത്.
അതേസമയം സര്‍ഫ് എക്‌സലിന്റെ പരസ്യത്തെ അനുകൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുണ്ട്.