| Saturday, 14th December 2019, 9:04 am

കര്‍ണാടകത്തില്‍ അട്ടിമറിജയം നേടിയ സ്വതന്ത്രന്‍ കോണ്‍ഗ്രസിലേക്ക്? ബി.ജെ.പിയെ ആശങ്കയിലാഴ്ത്തി ഡി.കെയുമായി കൂടിക്കാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകത്തില്‍ ബി.ജെ.പിയെ ആശങ്കയിലാഴ്ത്തി അട്ടിമറിജയം നേടിയ സ്വതന്ത്രന്റെ അടുത്ത നീക്കം. ഹോസ്‌കോട്ടെയില്‍ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച മുന്‍ ബി.ജെ.പി നേതാവ് കൂടിയായിരുന്ന ശരത് ബച്ചേഗൗഡ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറിനെയും കെ.ആര്‍ രമേശ് കുമാറിനെയും കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ചിക്കബല്ലപുരയിലെ ബി.ജെ.പി എം.പി ബി.എന്‍ ബച്ചേഗൗഡയുടെ മകനായ ശരത്, കോണ്‍ഗ്രസില്‍ നിന്നു കൂറുമാറി ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച എം.ടി.ബി നാഗരാജിനെയാണു പരാജയപ്പെടുത്തിയത്.

പാര്‍ട്ടി ഒരു വിമതരെയും സ്വീകരിക്കില്ലെന്ന് കര്‍ണാടക മന്ത്രിയും ബി.ജെ.പി നേതാവുമായ ആര്‍. അശോക് പറഞ്ഞതിനു മണിക്കൂറുകള്‍ക്കകമാണ് ശരത് കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു ശേഷം പാര്‍ട്ടിപ്രവേശം നടക്കുമെന്നാണു സൂചനകള്‍. ഇതുസംബന്ധിച്ച് ഡി.കെ, ശരത്തിന് ഉറപ്പുനല്‍കിയതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ശരത്തിന്റെ വിജയത്തെക്കുറിച്ചോ അദ്ദേഹത്തെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലും മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

11,486 വോട്ടുകള്‍ക്കാണ് ശരത് ഹോസ്‌കോട്ടെയില്‍ ജയിച്ചത്.

ഈ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്നു നടി സുമലതാ അംബരീഷിനെ വിജയിപ്പിച്ചെടുത്തത് ശരത്തിന്റെ പ്രചാരണ മികവാണ്. സുമലത പരാജയപ്പെടുത്തിയത് മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖിലിനെയാണ്.

ഹോസ്‌കോട്ടെയിലെ എം.എല്‍.എയായിരുന്ന എം.ടി.ബി നാഗരാജ് അയോഗ്യനായതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസിനു വേണ്ടി കഴിഞ്ഞതവണ മത്സരിച്ച നാഗരാജിനെ ഇത്തവണ ബി.ജെ.പി മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ തനിക്ക് ഹോസ്‌കോട്ടെയില്‍ വിമതരെ വിജയിപ്പിക്കാന്‍ താത്പര്യമില്ലെന്ന് അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്ന് ശരത്തിനെ ബി.ജെ.പി പുറത്താക്കുകയായിരുന്നു.

യു.എസില്‍ നിന്ന് എം.എസ് പൂര്‍ത്തിയാക്കിയ ശരത്, ബെംഗളൂരുവിലെ നൂട്രാസ്യൂട്ടിക്കല്‍ കമ്പനിയില്‍ ചീഫ് എക്സിക്യൂട്ടീവാണ്.

We use cookies to give you the best possible experience. Learn more