| Tuesday, 26th March 2024, 4:32 pm

ഗാന്ധി കുടുംബവുമായുള്ള ബന്ധമാണ് ബി.ജെ.പി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാന്‍ കാരണം; വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് അധിര്‍ രഞ്ജന്‍ ചൗധരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. വരുണ്‍ ഗാന്ധിക്ക് ഇത്തവണ ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയത്. വരുണ്‍ ഗാന്ധിക്കായി കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്ന് കിടക്കുകയാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഗാന്ധി കുടുംബവുമായുള്ള ബന്ധമാണ് വരുൺ ​ഗാന്ധിയെ ബി.ജെ.പി തള്ളിക്കളയാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് കൊണ്ടുള്ള വരുണ്‍ ഗാന്ധിയുടെ പ്രസ്താവനളാണ് അദ്ദേഹത്തിന് ഇക്കുറി സീറ്റ് നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ബി.ജെ.പിയെ എത്തിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അമ്മ മേനക ഗാന്ധിക്ക് ബി.ജെ.പി സുല്‍ത്താന്‍പൂരില്‍ സീറ്റ് നൽകിയിരുന്നു.

ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് വവരുണ്‍ ഗാന്ധി സ്വതന്ത്രനായി മത്സരിക്കുമെന്നും അല്ലെങ്കില്‍ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് പോകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹം പിലിഭിത്തില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനം ആയിട്ടില്ല.

അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ ഇന്ത്യാ മുന്നണിയുടെ സഖ്യ സ്ഥാനാര്‍ത്ഥിയായി എസ്.പി വരുണ്‍ ഗാന്ധിയെ പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

Content Highlight: After BJP denies Varun Gandhi ticket, Adhir Ranjan Chowdhury invites him to Congress

We use cookies to give you the best possible experience. Learn more