| Saturday, 7th October 2023, 4:11 pm

ബീഹാറിന് പിന്നാലെ ജാതി സർവേ നടത്തുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂർ: ബീഹാറിൽ നടത്തിയതിന് സമാനമായി രാജസ്ഥാനിലും ജാതി സർവേ നടത്തുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.

രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കോർ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. യോഗത്തിന് ശേഷം മാധ്യമങ്ങളോട് ജാതി സർവേ നടപ്പാക്കുമെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു.

ജാതി സർവേ, ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം എന്നിവ സംബന്ധിച്ചുള്ള രാഹുൽ ഗാന്ധിയുടെ ആശയം രാജസ്ഥാനിൽ നടപ്പിലാക്കുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

‘ഈ രാജ്യത്ത് വിവിധ ജാതികളുണ്ട്. പല മതത്തിൽപെട്ട ആളുകൾ ഇവിടെ ജീവിക്കുന്നു. പല ജാതിയിൽപെട്ട ആളുകൾ പല ജോലികൾ ചെയ്യുന്നു. ഓരോ ജാതിയുടെയും എത്ര ജനസംഖ്യ ഉണ്ടെന്ന് അറിഞ്ഞാൽ അവർക്ക് വേണ്ടി എന്തെല്ലാം ആസൂത്രണം ചെയ്യണമെന്ന് നമുക്ക് മനസ്സിലാകും. ജാതി അടിസ്ഥാനത്തിൽ പദ്ധതികൾ തയ്യാറാക്കുന്നത് എളുപ്പമാകും,’
ഗെഹ്‌ലോട്ട് പറഞ്ഞു.

ഈ വർഷം ഡിസംബറിന് മുമ്പ് രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ബീഹാറിലെ ജാതി സർവേ പുറത്തുവന്നതിന് പിന്നാലെ ജാതി സർവേ ദേശീയ തലത്തിൽ കൂടുതൽ ചർച്ചയാവുകയാണ്. പ്രതിപക്ഷ മുന്നണിയായ ഇന്ത്യക്ക് പുറമേ എൻ.ഡി.എ സഖ്യകക്ഷികളും ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Content highlight: After Bihar, Rajasthan Chief Minister Announces Caste Survey Ahead Of State Elections

We use cookies to give you the best possible experience. Learn more