ashes 2019
ബെന്‍ സ്റ്റോക്ക്‌സ് നിര്‍ദേശിച്ചു; ജാക്ക് ലീച്ചിന് ആജീവനാന്തം കണ്ണട നല്‍കാമെന്ന് ആഷസ് സ്‌പോണ്‍സര്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2019 Aug 26, 11:00 am
Monday, 26th August 2019, 4:30 pm

ഇംഗ്ലണ്ട്: ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ അവസാന ഓവറുകളില്‍ പിടിച്ചു നിന്ന ഇംഗ്ലണ്ട് ബൗളര്‍ ജാക്ക് ലീച്ചിന്റെ കണ്ണടയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ആഷസ് സ്‌പോണ്‍സര്‍മാരായ ‘സ്‌പെക്‌സ് സേവേഴ്‌സ്’. കണ്ണട ധരിക്കുന്ന ലീച്ചിന് ആജീവനാന്തം കണ്ണട നല്‍കാമെന്ന് കമ്പനി പറഞ്ഞു. ലീച്ചിന് കണ്ണട നല്‍കാന്‍ പറ്റുമോയെന്ന് ബെന്‍ സ്‌റ്റോക്ക്‌സ് മത്സരശേഷം ട്വീറ്റ് ചെയ്തിരുന്നു.

ഇന്നലെ ഇംഗ്ലണ്ട് തോല്‍ക്കുമെന്ന ഘട്ടത്തില്‍ ലീച്ചിനൊപ്പം സ്റ്റോക്ക്‌സ് പടുത്തുയര്‍ത്തിയ 76 റണ്‍സ് നീണ്ട അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചത്. 17 പന്തുകള്‍ നേരിട്ട ലീച്ച് 17 പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് നേടിയിരുന്നത്.

ഇംഗ്ലണ്ടിനെ സംബന്ധിച്ചെടുത്തോളം ആഷസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ജയങ്ങളിലൊന്നായിരുന്നു ഇന്നലത്തേത്. ഒന്നാം ഇന്നിങ്‌സില്‍ വെറും 67 റണ്‍സിന് പുറത്തായി 112 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡും വഴങ്ങിയ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ മത്സരത്തിലെ തിരിച്ചുവരവ്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇപ്പോള്‍ 1-1 ന് സമനിലയിലാണ്. ആദ്യ മത്സരം ഓസ്‌ട്രേലിയ 251 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരം സമനിലയാകുകയായിരുന്നു. പരമ്പരയിലെ നാലാം മത്സരം സെപ്റ്റംബര്‍ നാലു മുതല്‍ എട്ട് വരെ മാഞ്ചസ്റ്ററില്‍ നടക്കും.