| Friday, 7th June 2019, 8:02 am

രാജ് നാഥ് സിങ് കൂടുതല്‍ സമിതികളില്‍; തീരുമാനം രാജി ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന സമിതികളില്‍ നിന്നും ഒഴിവാക്കപ്പെട്ട പ്രതിരോധമന്ത്രി രാജ് നാഥ് സിങിനെ കൂടുതല്‍ സമിതികളില്‍ ഉള്‍പ്പെടുത്തി. സുപ്രധാന സമിതികളില്‍ നിന്നും മുന്‍ പാര്‍ട്ടിയധ്യക്ഷന്‍ കൂടിയായ രാജ്‌നാഥ് സിങിനെ ഒഴിവാക്കിയത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നീട് ഇന്നലെ രാത്രിയോടെയാണ് രാജ് നാഥ് സിങിനെ കൂടുതല്‍ പദവികളില്‍ ഉള്‍പ്പെടുത്തിയത്. ആദ്യം സുരക്ഷാ, സാമ്പത്തിക കാര്യസമിതി എന്നിവയില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഏറ്റവും സുപ്രധാനമായ രാഷ്ട്രീയകാര്യ സമിതിയില്‍ പോലും രാജ്‌നാഥ്‌സിങ് ഉള്‍പ്പെട്ടിരുന്നില്ല.

എന്നാല്‍ രാത്രിയോടെ ഇദ്ദേഹത്തെ ആറ് സമിതികളില്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. പാര്‍ലമെന്ററി കാര്യം, രാഷ്ട്രീയ കാര്യം, നിക്ഷേപം, തൊഴില്‍, നൈപുണ്യ വികസനം എന്നീ സമിതികളിലാണ് ഉള്‍പ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് കമ്മിറ്റികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ കമ്മിറ്റികളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ അമിത്ഷായെ മന്ത്രിസഭയിലെ രണ്ടാമത്തെ അധികാരകേന്ദ്രമാക്കുന്നതാണ് പുനസംഘടനയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അക്കോമഡേഷന്‍, പാര്‍ലമെന്ററി കാര്യം എന്നീ വിഭാഗങ്ങളിലെ കമ്മിറ്റികളിലാണ് മോദിയില്ലാത്തത്.

കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര സഹമന്ത്രിയായ വി. മുരളീധരന്‍ പാര്‍ലമെന്ററി കാര്യ കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവാണ്.

പാര്‍ലമെന്ററി കാര്യവും നിയമനവും കൂടാതെ സാമ്പത്തികകാര്യം, സുരക്ഷ, അക്കോമഡേഷന്‍, രാഷ്ട്രീയകാര്യം, നിക്ഷേപം-വളര്‍ച്ച, തൊഴില്‍-നൈപുണ്യവികസനം എന്നീ വിഭാഗങ്ങളിലുള്ള കമ്മിറ്റികളാണ് പുനഃസംഘടിപ്പിച്ചത്.

നിയമന കമ്മിറ്റിയില്‍ മോദിക്കും ഷായ്ക്കും പുറമേ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, റെയില്‍മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമുണ്ട്.

സാമ്പത്തികകാര്യ കമ്മിറ്റിയെ മോദിയാണു നയിക്കുക. ഷാ, ഗഡ്കരി, നിര്‍മല, ഗോയല്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് മന്ത്രി ഡി.വി സദാനന്ദ ഗൗഡ, കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രവിശങ്കര്‍ പ്രസാദ്, ഭക്ഷ്യവിതരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും കമ്മിറ്റിയിലുണ്ട്.

We use cookies to give you the best possible experience. Learn more