തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ചതിന് ശേഷം കെ.എസ്.യു പ്രവര്‍ത്തകര്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്തതിന്റെ ചിത്രം പുറത്ത്. പ്രതികളായ കെ.എസ്.എയു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ആംബുലന്‍സ് ഉപയോഗിച്ചത് എന്നാണ് പുറത്തുവന്ന ചിത്രം വ്യക്തമാക്കുന്നത്.
ആംബുലന്‍സിനകത്ത് ഉല്ലാസയാത്ര പോകുന്ന നിലയില്‍ കൂട്ടം ചേര്‍ന്ന് ചിരിച്ചുല്ലസിക്കുന്ന പ്രവര്‍ത്തകരുടെ ചിത്രമാണ് പുറത്തുവന്നത്. ആംബുലന്‍സിനകത്തുണ്ടായിരുന്ന കെ.എസ്.യു പ്രവര്‍ത്തകരിലൊരാള്‍ തന്നെയാണ് ചിത്രം പുറത്തുവിട്ടത്. ‘ആംബുലന്‍സ് യാത്ര, നോം സേഫാണ്’ എന്ന കുറിപ്പോടെയാണ് ചിത്രം പുറത്തു വന്നിട്ടുള്ളത്.
ഈ ആംബുലന്‍സാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു സംഘം കാറിലെത്തി തടഞ്ഞത്. പരിക്കേറ്റ കെ.എസ്.എയു പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി എസ്.എഫ്.ഐക്കാര്‍ തടയുകയും ആംബുലന്‍സ് ആക്രമിക്കുകയും ചെയ്തു എന്നായിരുന്നു ആ സമയത്തുണ്ടായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആംബുലന്‍സില്‍ പരിക്കേറ്റവരായിരുന്നില്ലെന്നും ആംബുലന്‍സ് ആശുപത്രിയിലേക്ക് പോകുകയായിരുന്നില്ല എന്നുമാണ് പുറത്തു വന്ന ചിത്രങ്ങളില്‍ വ്യക്തമാകുന്നത്.
കഴിഞ്ഞ ദിവസമാണ് മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി.സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ കേരളവര്‍മ കോളേജ് യൂണിറ്റ് സെക്രട്ടറി ആശിഷിനെ കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ആശിഷ് ചികിത്സയിലാണ്. ആശിഷിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയുമാണ്. സംഭവത്തില്‍ നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.
content highlights: After beating the SFI worker, the KSU used an ambulance to rescue the accused; The picture is out