| Friday, 20th August 2021, 5:16 pm

ബീസ്റ്റിന് ശേഷം വിജയ് എത്തുന്നത് 'മഹര്‍ഷി' സംവിധായകനൊപ്പം; വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ദളപതി വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വിജയ്‌യുടെ 65ാം ചിത്രമായിട്ടാണ് ബീസ്റ്റ് ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ 66ാം ചിത്രത്തെ കുറിച്ചും നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രം സംവിധാനം ചെയ്ത ദേസിംഗ് പെരിയസാമി ആയിരിക്കും അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വിജയ്‌യുടെ 66ാം ചിത്രം സംവിധാനം ചെയ്യുന്നത് മറ്റൊരു ഹിറ്റ് സംവിധായകനാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. തെലുങ്കില്‍ ഏറെ ഹിറ്റായ മഹര്‍ഷി സംവിധാനം ചെയ്ത വംശി പെഡിപ്പള്ളിയായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

സിനിമാ ട്രാക്കര്‍ കൂടിയായ ഗിരീഷ് ജോഹറാണ് വിജയ് ചിത്രത്തിന്റെ പുതിയ സംവിധായകനെ വെളിപ്പെടുത്തിയിരിക്കുന്നത്. തെലുങ്കിലും തമിഴിലും ഒരേസമയമായിരിക്കും ചിത്രം ഒരുങ്ങുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തിന് വിജയ്ക്ക് 100 കോടി രൂപയായിരുന്നു പ്രതിഫലമെന്നും പുതിയ ചിത്രത്തിനായി 120 കോടിയാണ് വിജയ് വാങ്ങുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം വിജയ് നായകനാകുന്ന ബീസ്റ്റിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്.

മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

After Beast, Thalapathi  Vijay arrives with ‘Maharshi’ director

We use cookies to give you the best possible experience. Learn more