| Tuesday, 2nd July 2024, 4:22 pm

ഹിജാബ് നിരോധനത്തിന് പിന്നാലെ ജീൻസും ടീ ഷർട്ടും നിരോധിച്ച് മുംബൈ കോളേജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഹിജാബ് നിരോധനത്തിന് പിന്നാലെ കാമ്പസിൽ ജീൻസും ടീ ഷർട്ടും നിരോധിച്ച് മുംബൈ ആചാര്യ മറാത്ത കോളേജ്.

കോളേജിൽ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹരജി ബോംബൈ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഈ നീക്കം. കീറിയ ജീൻസ് ( Ripped jeans ), ടീ ഷിർട്ടുകൾ, ജേഴ്‌സികൾ എന്നിവ കോളേജിൽ അനുവദനീയമല്ലെന്ന് കാണിച്ച് കോളേജ് ജൂൺ 27 ന് ഡ്രസ്സ് കോഡും മറ്റ് നിയമങ്ങളും എന്ന പേരിൽ സർക്കുലർ പുറത്തിറക്കി.

‘കാമ്പസിൽ വിദ്യാർത്ഥികൾ ഔപചാരികവും മാന്യവുമായ വസ്ത്രം ധരിക്കണം. അവർക്ക് ഹാഫ് ഷർട്ടും ഫുൾ ഷർട്ടും പാന്റും ധരിക്കാം. പെൺകുട്ടികൾക്ക് ഇന്ത്യൻ അല്ലെങ്കിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാം. മതപരമോ സാംസ്‌കാരികമോ ആയ അസമത്വം കാണിക്കുന്ന ഒരു വസ്ത്രവും വിദ്യാർത്ഥികൾ ധരിക്കരുത്. നിക്കാബ് , ഹിജാബ്, ബുർഖ, തൊപ്പി, ബാഡ്ജ് മുതലായവ താഴത്തെ നിലയിലെ മുറികളിൽ പോയി മാറ്റണം, അതിനുശേഷം മാത്രമേ കോളേജ് കാമ്പസിൽ പ്രവേശനം അനുവദിക്കൂ,” കോളേജ് പ്രിൻസിപ്പൽ ഡോ. വിദ്യാഗൗരി ഒപ്പിട്ട നോട്ടീസിൽ പറയുന്നു.

കോർപ്പറേറ്റ് ലോകത്തിന് വേണ്ടി തയ്യാറാവാൻ കോളജ് അവരെ ഒരുക്കുകയാണ്. അതിന് വേണ്ടിയാണ് പുതിയ ഡ്രസ്സ് കോഡ് കൊണ്ടുവരുന്നതെന്നും പ്രിൻസിപ്പൽ ഡോ. വിദ്യാഗൗരി പറഞ്ഞു.

കഴിഞ്ഞ അധ്യയനവർഷത്തിലാണ് വിദ്യാർത്ഥികൾക്ക് പുതിയ ഡ്രസ്സ് കോഡ് എന്ന ആശയം കോളേജ് മുന്നോട്ട് വെച്ചത്. ഇതിന് പിന്നാലെ ഹിജാബ് ധരിച്ച് വന്ന വിദ്യാർത്ഥികളെ കോളേജ് വിലക്കിയിരുന്നു. ഇതിന് പിന്നാലെ കോളേജ് അധികൃതരുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരുകൂട്ടം വിദ്യാർത്ഥികൾ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ജസ്റ്റിസുമാരായ ഇ.എസ് ചന്ദൂർക്കർ, രാജേഷ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞാഴ്ച ഹരജി തള്ളുകയും കോളേജിന്റെ തീരുമാനത്തിൽ ഇടപെടാൻ താത്പര്യമില്ലെന്ന് പറയുകയും ചെയ്തിരുന്നു.

Content Highlight: After Banning Hijab, Mumbai College Forbids Students From Wearing Jeans, T-Shirt on Campus

We use cookies to give you the best possible experience. Learn more