ന്യൂദല്‍ഹി: കൃത്രിമമായി വാക്‌സിന്‍ ക്ഷാമം സൃഷ്ടിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുവെന്ന അകാലി ദളിന്റെ ആരോപണത്തിന് പിന്നാലെ തീരുമാനം പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍.
18-44 വയസ് പ്രായമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലൂടെ ഒറ്റത്തവണ പരിമിത വാക്സിന്‍ ഡോസ് നല്‍കാനുള്ള ഉത്തരവാണ് പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഉത്തരവ് പിന്‍വലിക്കുന്നതായി വാക്സിനേഷന്റെ സംസ്ഥാന ചുമതലയുള്ള വികാസ് ഗാര്‍ഗ് അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിച്ച എല്ലാ വാക്സിന്‍ ഡോസുകളും ഉടന്‍ തിരിച്ചുനല്‍കണമെന്നും ഉത്തരവില്‍ അറിയിച്ചുണ്ട്.
അകാലിദളിന്റെ ആരോപണത്തിന് പിന്നാലെ മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബി.എസ് സിദ്ധു രംഗത്തെത്തിയിരുന്നു.
വാക്സിനുകളുടെ നിയന്ത്രണം തന്റെ വകുപ്പിന് ഇല്ലെന്നും അവകാശവാദത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സിദ്ധു പറഞ്ഞിരുന്നു.
‘ വാക്സിനുകളുടെ നിയന്ത്രണം എനിക്കല്ല. ചികിത്സ, പരിശോധന,വാക്സിനേഷന്‍ ക്യാമ്പുകള്‍ എന്നിവ ഞാന്‍ നോക്കുന്നു. ആരോപണത്തില്‍ ഞങ്ങള്‍ തീര്‍ച്ചയായും ഒരു അന്വേഷണം നടത്തും. ഞാന്‍ തന്നെ അന്വേഷിക്കാം’ സിദ്ധു പറഞ്ഞു.
ഒരു ഡോസിന് 400 രൂപ നല്‍കിയാണ് ഡോസുകള്‍ വാങ്ങിയതെന്നും പിന്നീട് 1,060 രൂപയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റതായും അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. ഒരു ഡോസിന് 660 രൂപ ലാഭം കിട്ടിയെന്നും ആശുപത്രികള്‍ ഒരു ഡോസിന് 1,560 ഡോളറിന് വിറ്റെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടികള്‍ ‘അധാര്‍മിക’മാണെന്നും സംഭവത്തില്‍ ഹൈക്കോടതി നിരീക്ഷണവും ആരോഗ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടിരുന്നു.