ഫെബ്രുവരി മാസത്തെ ഐ.സി.സി പ്ലെയര്‍ ഓഫ് മന്ത് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെയും ന്യൂസിലാന്‍ഡ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സിനെയും മറികടന്നുകൊണ്ടാണ് ഗില്‍ പുരസ്‌കാരം സ്വന്തമാക്കിയത്.
ഫെബ്രുവരിയില്‍ കളിച്ച അഞ്ച് അന്താരാഷ്ട്ര ഏകദിനങ്ങളില്‍ നിന്നുമായി 101.50 ശരാശരിയിലും 94.19 സ്‌ട്രൈക്ക് റേറ്റിലും 406 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ സ്വന്തമാക്കിയ 3-0 ക്ലീന്‍ സ്വീപ് വിജയത്തിലും ഗില്ലിന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു. മൂന്ന് മത്സരത്തിലും 50+ സ്‌കോര്‍ നേടിയാണ് താരം തിളങ്ങിയത്.
നാഗ്പൂരിലെ ആദ്യ മത്സരത്തില്‍ 87 റണ്‍സ് നേടിയ താരം കട്ടക്കില്‍ 60 റണ്‍സും സ്വന്തമാക്കി. ഐ.പി.എല്ലിലെ തന്റെ ഹോം ഗ്രൗണ്ട് കൂടിയായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 ഫോറും മൂന്ന് സിക്‌സറും അടക്കം 102 പന്തില്‍ 112 റണ്‍സാണ് താരം സ്വന്തമാക്കിയത്.
പരമ്പരയിലെ അവസാന മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ഗില്‍ തന്നെയായിരുന്നു പരമ്പരയുടെ താരവും.
ഫെബ്രുവരിയില്‍ ആരംഭിച്ച ചാമ്പ്യന്‍സ് ട്രോഫിയിലും ഗില്‍ തന്റെ മാജിക് ആവര്‍ത്തിച്ചു. ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ താരം പാകിസ്ഥാനെതിരെ 46 റണ്‍സും സ്വന്തമാക്കി.
ഇത് മൂന്നാം തവണയാണ് ശുഭ്മന്‍ ഗില്‍ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കുന്നത്. ഫെബ്രുവരിയിലെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടിയതോടെ മൂന്ന് തവണ ഈ നേട്ടത്തിലെത്തിയ രണ്ടാമത് താരമെന്ന നേട്ടവും ഗില്‍ സ്വന്തമാക്കി.
മുന്‍ പാക് നായകന്‍ ബാബര്‍ അസമിന്റെ പേരിലാണ് മൂന്ന് തവണ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടിയ താരമെന്ന റെക്കോഡുണ്ടായിരുന്നത്. 2021 ഏപ്രില്‍, 2022 മാര്‍ച്ച്, 2023 ഓഗസ്റ്റ് മാസങ്ങളിലാണ് ബാബറിനെ തേടി ഐ.സി.സിയുടെ അംഗീകാരമെത്തിയത്.
2023 ജനുവരിയിലും സെപ്റ്റംബറിലുമാണ് ഗില്‍ ഇതിന് മുമ്പ് ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടിയത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കായിരുന്നു ഗില്‍ വഹിച്ചത്.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും കപ്പുയര്‍ത്തിയത്.
അപരാജിതരായാണ് ഇന്ത്യ ജേതാക്കളായത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ, സെമി ഫൈനലില്‍ ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്. ഈ നാല് മത്സരത്തിലും എതിരാളികളുടെ പത്ത് വിക്കറ്റും പിഴുതെറിയാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഐ.പി.എല്ലിന്റെ തിരക്കുകളിലേക്ക് മടങ്ങുകയാണ് ശുഭ്മന്‍ ഗില്‍. കഴിഞ്ഞ സീസണില്‍ ഹര്‍ദിക് പാണ്ഡ്യ പടിയിറങ്ങിയതോടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ എന്ന അധിക ഉത്തരവാദിത്തവും ഗില്ലിനുണ്ടായിരുന്നു. എന്നാല്‍ അതാകട്ടെ താരത്തിന്റെ പ്രകടനത്തെയും സാരമായി ബാധിച്ചു. കഴിഞ്ഞ തവണ ശിരസിലേറ്റിയ ക്യാപ്റ്റന്‍സിയെന്ന മുള്‍ക്കിരീടത്തെ ഇത്തവണ പൊന്‍കിരീടമാക്കാനാണ് ഗില്‍ ഒരുങ്ങുന്നത്.
Content highlight: After Babar Azam, Shubman gill becomes the first player to win ICC Player of the Month award 3 times