ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതും ഏറെ കാത്തിരുന്നതുമായ വിധിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് അയോധ്യാക്കേസില്‍ നടത്തിയത്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്നും മസ്ജിദ് നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി വിട്ടുനല്‍കണമെന്നുമാണ് ബെഞ്ച് വിധിച്ചത്.
രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17-ന് വിരമിക്കുന്നത് കണക്കിലെടുത്തായിരുന്നു അയോധ്യാ വിധി വേഗത്തിലാക്കിയത്. ഇത് കൂടാതെ, വിരമിക്കുന്നതിന് മുമ്പ് ഗൊഗോയിക്കുമുന്നില്‍ വിധി പറയേണ്ട മറ്റ് ചില സുപ്രധാന വിഷയങ്ങള്‍ക്കൂടിയുണ്ട്.
ശബരിമല റിവ്യൂ പുനഃപരിശോധനാ ഹര്‍ജി
മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് 2018 സെപ്തംബര്‍ 28ന് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്.
വിധിക്ക് പിന്നാലെ 65 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഇത് ഗൊഗോയിയുടെ വിരമിക്കലിന് മുമ്പുണ്ടാവും.
റഫാല്‍ കരാറിലെ പുനഃപരിശോധന
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ, ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് റഫാല്‍ കരാറില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. 2018 ഡിസംബര്‍ 14ന് കരാറിനെ വെല്ലുവിളിച്ചുകൊണ്ട് നല്‍കിയ ഹര്‍ജികള്‍ റദ്ദാക്കിയ വിധിയാണ് പുനഃപരിശോധിക്കുക.
ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ട് കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കിദാര്‍ ചോര്‍ ഹേ) എന്ന പരാമര്‍ശം നടത്തിയിരുന്നു. റഫാല്‍ കരാറില്‍ മോദിയുടെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് ക്രിമിനല്‍ കുറ്റമാണെന്ന് വാദിച്ച് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ രാഹുല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലേഖിയെ പിന്തുണച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി രംഗത്തെത്തുകയും സുപ്രീംകോടതിയോട് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിലും ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് വിധി പറയും.
സാമ്പത്തിക നിയമം 2017
സാമ്പത്തിക നിയമം 2017-ന്റെ ഭരണഘടനാ സാധ്യത ആരാഞ്ഞ് സുപ്രീംകോടതി കേന്ദ്രത്തിന് നല്‍കിയ നോട്ടീസിലും നവംബറില്‍ വിധിയുണ്ടാവും. ദേശീയ ഹരിത ട്രിബ്യൂണലിനെയടക്കം ബാധിക്കുന്ന വിധിയാണിത്.
ചീഫ് ജസ്റ്റിസും വിവരാവകാശവും
ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരുമോ എന്ന വിഷയത്തിലും ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പറയും. സുപ്രീംകോടതിയും ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന് കീഴില്‍വരുമെന്ന ദല്‍ഹി ഹൈക്കോടതി വിധിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ രാജ്യത്തെ ഇളക്കിമറിച്ച വിഷയങ്ങളാണ് ഗൊഗോയിക്കുമുന്നില്‍ എത്തിയിരുന്നത്. അയോധ്യയും എന്‍.ആര്‍.സിയും അതില്‍ ചിലത് മാത്രം.
ചീഫ് ജസ്റ്റിസുമാര്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പ് സുപ്രധാന വിഷയങ്ങളില്‍ വിധി പറയേണ്ടിവരുന്നത് ഇതാദ്യമായല്ല. മുന്‍ ചീഫ് ജസ്റ്റിസുമാരായിരുന്ന ദീപക് മിശ്രയും ജെ.എസ് ഖെഹാറും ടി.എസ് താക്കൂറും അതി പ്രധാന വിഷയങ്ങളില്‍ അവസാന മാസങ്ങളിലും ദിവസങ്ങളിലുമായി വിധി പ്രഖ്യാപനം നടത്തിയിട്ടുണ്ട്.