| Saturday, 18th October 2014, 11:29 am

ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം നിയന്ത്രിക്കാന്‍ നിയമം വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വാടക ഗര്‍ഭധാരണം നിയന്ത്രിക്കാന്‍ ആരോഗ്യമന്ത്രാലയം നടപടിയെടുക്കുന്നു. നിര്‍ദ്ദിഷ്ട നിയമപ്രകാരമുള്ള പ്രധാന നിബന്ധനകള്‍ ഇവയാണ്.

1. വിദേശികള്‍ക്ക് വേണ്ടി ഇന്ത്യയിലുള്ളവര്‍ വാടക ഗര്‍ഭധാരണം നടത്തുന്നത് നിരോധിക്കും.

2.എന്തെങ്കിലും അസ്വാഭാവികതയുള്ള ശിശുക്കളാണെങ്കില്‍ കൂടി പിറന്ന കുഞ്ഞിനെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം വാടക ഗര്‍ഭധാരണം ആവശ്യപ്പെട്ട ദമ്പതികള്‍ക്കാണ്.

2. ഇന്‍-വിട്രോ ഫേര്‍ട്ടിലൈസേഷന്‍ നടക്കുന്ന ലാബുകള്‍ അംഗീകാരമുള്ളവയും വേണ്ട സൗകര്യങ്ങളുള്ളവയുമായിരിക്കണം.

4. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കാന്‍ വേര്‍പിരിഞ്ഞ ദമ്പതികള്‍ക്ക് മാത്രമേ സാധിക്കൂ. ഇതില്‍ തന്നെ ചില നിബന്ധനകളുമുണ്ട്.

5. വാടക ഗര്‍ഭധാരണത്തിന് തയ്യാറാവുന്നവരുടെ ആരോഗ്യം ഉറപ്പുവരുത്തണം. കൃത്യമായ ടെസ്റ്റുകളും പരിശോധനകളും നടത്തണം.

6. വാടക ഗര്‍ഭധാരണത്തിന് തയ്യാറാവുന്നയാള്‍ക്ക് നിയമ രേഖകള്‍ ഒപ്പിട്ട് നല്‍കുന്നത് നിര്‍ബന്ധമാക്കും. കൂടാതെ ജനിക്കുന്ന കുഞ്ഞിന്റെ മുഴുവന്‍ അവകാശവും സ്വീകരിക്കുന്നവര്‍ക്ക് നല്‍കും.

ഈ നിര്‍ദേശങ്ങളടങ്ങിയ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരും. ഇത് പാസാവുകയാണെങ്കില്‍ ഇനി മുതല്‍ വിദേശികള്‍ക്ക് വേണ്ടി വാടക ഗര്‍ഭധാരണം നടത്താന്‍ ഇന്ത്യക്കാരെ നിയമം അനുവദിക്കില്ല.

ആസ്‌ത്രേലിയന്‍ ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തിലൂടെയുണ്ടായ ഒരു കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ പിറന്ന ഇരട്ടകുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാടക ഗര്‍ഭധാരണം നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.

കൂടാതെ വാടക ഗര്‍ഭധാരണത്തിന് തയ്യാറാവുന്നവരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ ഈ നിയമം കൊണ്ടുവരുന്നതിലൂടെ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. കുറഞ്ഞ നഷ്ടപരിഹാരവും, പ്രായപരിധിയും ഉള്‍പ്പെടുത്തിയായിരിക്കും ബില്‍ കൊണ്ടുവരികയെന്ന് ഐ.സി.എം.ആറിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.എസ് ശര്‍മ അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more