ദളിത് റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റ്, ജാമ്യം ലഭിച്ച് ആറ് മാസത്തിന് ശേഷവും ഇന്ത്യ വിടാനാകാതെ ഫ്രഞ്ച് സംവിധായകന്‍; ഒടുവില്‍ നീതി
India
ദളിത് റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റ്, ജാമ്യം ലഭിച്ച് ആറ് മാസത്തിന് ശേഷവും ഇന്ത്യ വിടാനാകാതെ ഫ്രഞ്ച് സംവിധായകന്‍; ഒടുവില്‍ നീതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th May 2024, 12:37 pm

ന്യൂദൽഹി: ദളിത് റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ 2023 ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ട ഫ്രഞ്ച് സംവിധായകന്‍ ഇന്ത്യയില്‍ കുടുങ്ങിയത് മാസങ്ങളോളം.

നവംബറില്‍ ജാമ്യം ലഭിച്ചെങ്കിലും ആറ് മാസമായിട്ടും ഇദ്ദേഹത്തിന് രാജ്യം വിടാനായിരുന്നില്ല. ലുക്ക് ഔട്ട് നോട്ടീസിന്റെ കാരണം പറഞ്ഞാണ് ഇദ്ദേഹത്തിന്റെ യാത്ര തടഞ്ഞത്.

ഫ്രഞ്ച് സിനിമ സംവിധായകനായ വാലെന്റിന്‍ ഹൈനോള്‍ട്ട് ആണ് ദളിത് റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.
ഫ്രഞ്ച് മാധ്യമമായ ലെ മോണ്ട ആണ് സംവിധായകന്‍ നേരിട്ട അനീതി വാര്‍ത്തയാക്കിയത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.

ദളിത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കേന്ദ്രീകരിച്ച് സിനിമ നിർമിക്കുന്നതിനായി 2023 ഓഗസ്റ്റിനാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. ഉത്തർപ്രദേശിന് പുറമെ ബീഹാറും ജാർഖണ്ഡും അദ്ദേഹം സന്ദർശിച്ചിരുന്നു. .

ദളിതർക്ക് ഭൂമിക്കുമേൽ അവകാശം നൽകണമെന്നാവശ്യപ്പെട്ട് കർഷക സ്ത്രീകൾ നടത്തിയ ‘അംബേദ്‌കർ ജനകീയ മാർച്ചിൽ’ ഹൈനോൾട്ട് പങ്കെടുത്തിരുന്നു. പരിപാടിയിലെ അന്താരാഷ്ട്ര സാന്നിധ്യം അറിയിക്കുന്നതിനായി വേദിയിൽ സംസാരിച്ചിരുന്ന ഒരു വ്യക്തി അദ്ദേഹത്തിന്റെ പേര് പറഞ്ഞു. തുടർന്ന് പ്രാദേശിക പത്രങ്ങളും ഏജന്റുമാരും അദ്ദേഹത്തെ വളയുകയായിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി തിരിച്ച് പോയ ഹൈനോൾട്ടിനെ തേടി പൊലീസ് ഹോട്ടൽ മുറിയിൽ എത്തി.

തുടർന്ന് ഫോറിൻ ആക്ട് ആർട്ടിക്കിൾ 14 ബിയിലെ വിസ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വ്യവസ്ഥയിൽ ഒരാൾ ബോധപൂർവം വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ നിയമത്തിന്റെ അധികാരമില്ലാതെ രാജ്യത്ത് തുടരുകയോ ചെയ്‌താൽ കുറഞ്ഞത് രണ്ട് വർഷം തടവ് വരെ ലഭിക്കാം.

അദ്ദേഹത്തിന്റെ വിസയിൽ ജാർഖണ്ഡിൽ നിന്ന് പോകാൻ പാടില്ലെന്നൊരു വ്യവസ്ഥയുണ്ടായിരുന്നെന്നും അത് തെറ്റിച്ചതിനാൽ ഇന്ത്യ വിടാൻ സാധിക്കില്ലെന്നും പൊലീസ് പറയുകയായിരുന്നു. എന്നാൽ തന്റെ വിസയിൽ അത്തരത്തിൽ ഒരു വ്യവസ്ഥകളും ഇല്ലെന്നും എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്യാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിന്റെ പിറ്റേ ദിവസം തന്നെ ഒരിടത്തെത്തിച്ച് ഒരു ജഡ്ജിയുടെ സാന്നിധ്യത്തിൽ ചില കടലാസുകളിൽ ഒപ്പുവെക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

‘വെറും നിലത്തായിരുന്നു ഞാൻ സെല്ലിൽ കിടന്നത്. അവിടെ സ്ഥലം പരിമിതമായിരുന്നു. പിന്നീടവർ എന്നെ മാനസിക രോഗികളുടെ ഒരു സെല്ലിലേക്ക് കൊണ്ടുപോയി. അവിടെ കിടക്കാനുള്ള സ്ഥലം ഉണ്ടായിരുന്നു എന്നത് വലിയ ആശ്വാസകരമാണ്,’ ഹൈനോൾട്ട് പറഞ്ഞു.

ആദ്യ ദിവസം തന്നെ അദ്ദേഹത്തിന് ഫ്രഞ്ച് എമ്പസിയുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നു. തുടർന്ന് എംബസി ഒരു അഭിഭാഷകനെ നൽകി . മൂന്ന് ആഴ്ചക്ക് ശേഷം എംബസി ഉദ്യോഗസ്ഥൻ അദ്ദേഹത്തെ കാണാൻ ജയിലിൽ എത്തിയിരുന്നതായും ലെ മോണ്ട റിപ്പോർട്ട് ചെയ്തു.

2023 നവംബറിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ പേരിലിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പിൻവലിച്ചിരുന്നില്ല. മെയ് മാസം വരെ അദ്ദേഹത്തിന്റെ പാസ്സ്‌പോർട്ട് പൊലീസിന്റെ കൈയിലായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം മാത്രമാണ് അദ്ദേഹത്തിന് ജന്മനാട്ടിലേക്ക് തിരിച്ച് പോകാൻ അവസരം ലഭിച്ചത്.

 

Content Highlight: After attending dalit march in Uttar Pradesh, French directors, year long ordeal finally ends