| Saturday, 27th July 2024, 4:30 pm

കാറും ബൈക്കും പെട്രോള്‍ പമ്പും തല്ലിതകര്‍ത്തു; കന്‍വാര്‍ തീര്‍ത്ഥാടനത്തിനിടെ മുസ്‌ലീങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കൻവാർ തീർത്ഥാടനത്തെ തുടർന്ന് മുസ്‌ലിങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്. കൻവാർ തീർത്ഥാടനയാത്ര കടന്നു പോകുന്ന വഴികളിൽ മുസ്‌ലിങ്ങൾക്ക് നേരെ നടക്കുന്നത് വലിയ തരത്തിലുള്ള അക്രമങ്ങളാണെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു. മുസാഫർനഗർ, സഹാറൻപൂർ, ഹരിദ്വാർ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ രീതിയിലാണ് മുസ്‌ലിങ്ങൾ ആക്രമിക്കപ്പെടുന്നത്.

സഹാൻപൂരിൽ കട നടത്തുന്ന അമൻ കുമാറിനെ തീർത്ഥാടകർ ആക്രമിച്ചത് അയാളുടെ ബൈക്ക് കൻവാർ തീർത്ഥാടകർ ഗംഗ ജലം കൊണ്ട് പോകുന്ന കുടത്തിന്‌ മുകളിൽ തട്ടി എന്ന് പറഞ്ഞായിരുന്നു. താൻ അറിയാതെ സംഭവിച്ചതാണെന്നും മാപ്പ് പറയുന്നുവെന്ന് പറഞ്ഞിട്ടും തീർത്ഥാടകർ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും ഇയാൾ രക്ഷപ്പെട്ടെങ്കിലും ഇയാളുടെ വാഹനം കാൻവാരിയർ തല്ലി തകർത്തു. കുമാറിന്റെ പരാതിയിൽ ഏഴു പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഹരിദ്വാറിൽ കൻവാരിയ തീർത്ഥാടകർ ഒരു ഓട്ടോ ഡ്രൈവറെ മർദിക്കുകയും, അദ്ദേഹത്തിന്റെ വാഹനം കേടു വരുത്തുകയും ചെയ്തു.  ഇയാളുടെ വാഹനം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാൻവാരിയർ വാഹനം ആക്രമിക്കുന്നത് കണ്ടിട്ടും നാട്ടുകാർ ആരും പ്രശ്‌നത്തിൽ ഇടപെടാൻ തയ്യാറായില്ലെന്നും സഞ്ജയ് പറഞ്ഞു.

ബുധനാഴ്ച മുസഫർ നഗറിലും സമാനമായ രീതിയിൽ കൻവാർ തീർത്ഥാടകർ ആക്രമണം അഴിച്ചു വിട്ടിരുന്നു. കൻവാർ തീർത്ഥാടകരിലൊരാൾ കഴിച്ച മാങ്ങയുടെ ഭാഗങ്ങൾ പെട്രോൾ പമ്പ് പരിസരത്തേക്ക് വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇത് ചോദ്യം ചെയ്‌ത പെട്രോൾ പമ്പ് ജീവനക്കാരെ ഒരു കൂട്ടം കൻവാരിയർ മർദിക്കുകയായിരുന്നു.

ബുധനാഴ്ച മുസാഫർനഗറിൽ നടന്ന മറ്റൊരു സംഭവത്തിൽ, സിവിൽ ലൈൻ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മീനാക്ഷി ചൗക്ക് ഏരിയയ്ക്ക് സമീപം ഒരു സംഘം കൻവാരിയർ മാനസിക വെല്ലുവിളി നേരിടുന്നയാളെ ക്രൂരമായി മർദിച്ചുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. നിരവധി അക്രമ സംഭവങ്ങളാണ് ദിവസവും ഇവിടെ നടക്കുന്നതെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.

Content Highlight: After Assault of Muslim Man, Kanwariyas Leave Trail of Violence Across UP and Uttarakhand

We use cookies to give you the best possible experience. Learn more