| Thursday, 11th January 2024, 9:12 pm

അര്‍ഷ്ദീപ് റെക്കോഡിടുമ്പോഴും ചര്‍ച്ചയാകുന്നത് ഭുവനേശ്വര്‍ കുമാര്‍; 'ഇനിയും അവനെ തഴയണോ?'

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ മൊഹാലിയില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്.

സൂപ്പര്‍ താരം മുഹമ്മദ് നബിയാണ് അഫ്ഗാന്‍ ഇന്നിങ്‌സിനെ തോളിലേറ്റിയത്. 27 പന്തില്‍ നിന്നും മൂന്ന് സിക്‌സറിന്റെയും രണ്ട് ബൗണ്ടറിയുടെയും അകമ്പടിയോടെ 42 റണ്‍സാണ് നബി നേടിയത്. ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെയാണ് നബി പുറത്താകുന്നത്.

29 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായ്, 25 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍ എന്നിവരാണ് അഫ്ഗാന്‍ ടോട്ടലിലേക്ക് സംഭാവന ചെയ്ത മറ്റ് താരങ്ങള്‍.

അഫ്ഗാന്‍ ഇന്നിങ്‌സിന്റെ ആദ്യ ഓവര്‍ തന്നെ മെയ്ഡനായിരുന്നു. അര്‍ഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തിലും സൂപ്പര്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസിന് റണ്‍സ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

കരിയറിലെ ആദ്യ ടി-20 മെയ്ഡനാണെങ്കിലും 20 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുധികം മെയ്ഡന്‍ ഓവറുകള്‍ എറിയുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം പങ്കിടാനും അര്‍ഷ്ദീപിന് സാധിച്ചു.

അര്‍ഷ്ദീപിന്റെ ഈ നേട്ടം ചര്‍ച്ചയാകുമ്പോള്‍ മറ്റൊരു ഇടം കയ്യന്‍ പേസറുടെ പേര് കൂടി ലൈംലൈറ്റിലേക്കെത്തുകയാണ്. സൂപ്പര്‍ താരം ഭുവനേശ്വര്‍ കുമാറിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാകുന്നത്.

ഇന്ത്യക്കായി ഏറ്റവുമധികം തവണ ടി-20 ഫോര്‍മാറ്റില്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ താരം എന്ന റെക്കോഡ് സ്വന്തമാക്കിയ താരം എന്ന നിലയിലാണ് ഭുവി ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ആറ് തവണയാണ് ഭുവി ടി-20യില്‍ ഒരു ഓവറില്‍ ഒറ്റ റണ്‍സ് പോലും വിട്ടുകൊടുക്കാതെ പന്തെറിഞ്ഞത്.

ഭുവനേശ്വറില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ട്, അവനെ ഇനിയും തഴയണോ എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യക്കായി ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ താരം

ഭുവനേശ്വര്‍ കുമാര്‍ – 6

അര്‍ഷ്ദീപ് സിങ് – 1

ആശിഷ് നെഹ്‌റ – 1

ദീപക് ചഹര്‍ – 1

അക്‌സര്‍ പട്ടേല്‍ – 1

മുഹമ്മദ് സിറാജ് – 1

പ്രവീണ്‍ കുമാര്‍ – 1

ബരീന്ദര്‍ ശ്രണ്‍ – 1

ഹര്‍ഭജന്‍ സിങ് – 1

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പൂജ്യത്തിന് നഷ്ടമായാണ് ഇന്ത്യ തുടക്കത്തിലേ പതറിയത്. റണ്‍ ഔട്ടായാണ് ഇന്ത്യന്‍ നായകന്റെ മടക്കം.

നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 19 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ. എട്ട് പന്തില്‍ 15 റണ്‍സുമായി ശുഭ്മന്‍ ഗില്ലും എട്ട് പന്തില്‍ നാല് റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍.

Content Highlight: After Arshdeep Singh’s maiden over fans discuss about Bhuvneshwar Kumar

We use cookies to give you the best possible experience. Learn more