ഓസ്‌കാര്‍ അവാര്‍ഡില്‍ പങ്കെടുത്തതിന് ശേഷം ഇന്ത്യയിലേക്ക് തിരികെ വന്നതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് രാം ചരണ്‍. പിതാവ് ചിരഞ്ജീവിക്കൊപ്പമാണ് അമിത് ഷായെ രാം ചരണ്‍ സന്ദര്‍ശിച്ചത്.
സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് ശേഷം രാം ചരണും ചിരഞ്ജീവിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും കാണും.
ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങളെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ഇതിന് ശേഷം അമിത് ഷാ ട്വീറ്റ് ചെയ്തത്. തെലുങ്ക് സിനിമ ഇന്ത്യന്‍ സംസ്‌കാരത്തേയും സമ്പത്ത് വ്യവസ്ഥയേയും കാര്യമായി സ്വാധീനിക്കുന്നു. ഓസ്‌കാര്‍ അവാര്‍ഡില്‍ രാം ചരണ് അഭിനന്ദനങ്ങള്‍, നാട്ടു നാട്ടുവിന്റെ വിജയത്തിലും,’ അമിത് ഷാ കുറിച്ചു.
ആര്‍.ആര്‍.ആര്‍ കണ്ട് വിജയിപ്പിച്ച ഇന്ത്യക്കാരോട് മുഴുവന്‍ നന്ദി പറയുന്നുവെന്ന് രാം ചരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘നാട്ടു നാട്ടു ഞങ്ങളുടെ പാട്ടല്ല. ഇത് ഇന്ത്യയിലെ ജനങ്ങളുടെ പാട്ടാണ്. അത് ഞങ്ങള്‍ക്ക് ഓസ്‌കാറിലേക്കുള്ള വഴി ഒരുക്കി,’ രാം ചരണ്‍ കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ആണ് ആര്‍.ആര്‍.ആറിന്റെ സംഘം വിമാനം ഇറങ്ങിയത്. കീരവാണി, എസ്.എസ് രാജമൗലി, കാലഭൈരവന്‍ എന്നിവരെ സ്വീകരിക്കാന്‍ 100 കണക്കിന് പേരാണ് വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്.
എല്ലാവരെയും കനത്ത സുരക്ഷയിലാണ് വണ്ടിയിലേക്ക് മാറ്റിയത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കളെ ആദരിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ പ്രത്യേക ചടങ്ങും സംഘടിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
Content Highlight: After arriving in India, Ram Charan and Chiranjeevi visited Amith Shah