യു.പിയില്‍ ആറ് മാസത്തേക്ക് ജീവനക്കാരുടെ സമരം നിരോധിച്ച് യോഗി സര്‍ക്കാര്‍
national news
യു.പിയില്‍ ആറ് മാസത്തേക്ക് ജീവനക്കാരുടെ സമരം നിരോധിച്ച് യോഗി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th December 2024, 8:36 am

ലഖ്‌നൗ: യു.പി സര്‍ക്കാരിന് കീഴിലെ എല്ലാ വകുപ്പുകളിലേയും കോര്‍പ്പറേഷനിലേയും മറ്റ് അതോറിറ്റികളിലേയും ജീവനക്കാരുടെ സമരങ്ങള്‍ ആറ് മാസത്തേക്ക് നിരോധിച്ച് യോഗി സര്‍ക്കാര്‍. ആവശ്യ സേവന പരിപാലന നിയമം (ഇ.എസ്.എം.എ) പ്രകാരമാണ് ഉത്തരവ്. ജനുവരിയില്‍ നടക്കുന്ന മഹാകുംഭ മേളയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമാണ് പുതിയ നിര്‍ദേശം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

എസ്മ നടപ്പിലാക്കുന്നത് വഴി സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ കുംഭമേളയുടെ ഭാഗമായി പ്രദേശത്ത് എത്തുന്നവര്‍ക്ക് പ്രയാസങ്ങള്‍ നേരിടാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടെതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

‘കുംഭമേളയ്ക്ക് ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കും മറ്റ് താമസക്കാര്‍ക്കും അവശ്യ സര്‍വീസുകള്‍ തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇത് വഴി ലക്ഷ്യമാക്കുന്നത്,’ സംസ്ഥാന ബി.ജെ.പി വക്താവ് മനീഷ് ശുക്ല പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടി, ഈ നടപടിയെ ജനാധിപത്യവിരുദ്ധമാണെന്ന് വിശേഷിപ്പിച്ചത്. പുതിയ തീരുമാനം പൗരന്മാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് എസ്.പി എം.എല്‍.സി അശുതോഷ് സിന്‍ഹ പ്രതികരിച്ചത്.

‘ഭരണഘടനയുടെ വ്യവസ്ഥകള്‍ അനുസരിച്ച് ആളുകള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ആളുകള്‍ അങ്ങനെ ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു,’ സിന്‍ഹ പറഞ്ഞു.

അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന കുംഭമേളക്കായ് വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. കുംഭമേളയ്ക്ക് മുന്നോടിയായി ദിവസങ്ങള്‍ക്ക് മുമ്പാണ് യു.പി സര്‍ക്കാര്‍ മഹാ കുംഭ് പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ചത്. മഹാ കുംഭമേള ജില്ല എന്ന പേരിലാണ് പുതിയ ജില്ല അറിയപ്പെടുന്നത്.

നാല് തഹസില്‍ദാര്‍ പ്രദേശങ്ങളിലെ 67 വില്ലേജുകളെ ബന്ധിപ്പിച്ചാണ് പുതിയ ജില്ല രൂപീകരിച്ചത്. ഈ താത്കാലിക ജില്ലയില്‍ ഭരണം സാധാരണ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെയാണ് നടക്കുന്നത്.

ക്രമസമാധാനപാലനത്തിനായി പുതിയ ജില്ലയില്‍ താത്കാലിക പൊലീസ് സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുംഭമേള അവസാനിക്കുന്നത് വരെയാണ് പുതിയ ജില്ലയുടെ കാലാവധി.

Content Highlight: After announcing a special district for Maha Kumbh Mela, the Yogi government banned the strike of employees for six months in UP