ജെറുസലേം: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാതെ ഇസ്രഈല്‍. കഴിഞ്ഞ ദിവസം അധിനിവേശ വെസ്റ്റ്ബാങ്കിലെ നഗരമായ ജെനിനില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഏകദേശം ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 35ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജെനിനില്‍ ഇസ്രഈല്‍ സൈന്യം കരയാക്രമണവും ആരംഭിച്ചിട്ടുണ്ട്. ഇവ ഇനിയും ദിവസങ്ങളോളം നീണ്ട് നില്‍ക്കുമെന്ന് ഇസ്രഈല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ മുതല്‍ ഇസ്രഈല്‍ ജെനിന്‍ നഗരത്തില്‍ ആക്രമണം നടത്തുന്നുണ്ട്. ഇതിന് പുറമെ ജെനിനിലെ അല്‍ അമാല്‍ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രിയിലും സൈന്യം റെയ്ഡുകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഡോക്ടര്‍ക്കും പാരാമെഡിക്കിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
‘തെരുവുകളില്‍ മൃതദേഹങ്ങളുണ്ട്, നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്, പക്ഷേ ആര്‍ക്കും അവരെ സമീപിക്കാന്‍ കഴിയുന്നില്ല. ആക്‌സ്മികമായി ഉണ്ടാകുന്ന കനത്ത ആക്രമണം കാരണം ആംബുലന്‍സുകള്‍ക്ക് നീങ്ങാന്‍ കഴിയുന്നില്ല. അതിനാല്‍ പരിക്കേറ്റവരെ മെഡിക്കല്‍ സംഘത്തിന് സമീപം എത്തിക്കാന്‍ സാധിക്കുന്നില്ല,’ ആംബുലന്‍സ് ഡ്രൈവര്‍ ഹസീം മസര്‍വ് പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നിതിനിടെ ആംബുലന്‍സുകള്‍ക്കും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയുടെ പ്രധാന പ്രവേശന കവാടങ്ങളില്‍ ഇസ്രഈല്‍ സൈനിക വാഹനങ്ങള്‍ നിലയുറപ്പിച്ചതിനാല്‍ പല ആംബുലന്‍സുകള്‍ക്കും ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ജെനിനില്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചതായി ഇസ്രഈലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റും ഇസ്രഈല്‍ സൈന്യവും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഈ ഓപ്പറേഷന് അയണ്‍ വാള്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
നഗരത്തിലെ ഏറ്റവും പ്രമുഖ സായുധ ഗ്രൂപ്പായ ജെനിന്‍ ബ്രിഗേഡ്‌സിന്റെ പോരാളികള്‍ ഇസ്രഈല്‍ സേനയെ പ്രതിരോധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആക്രമണം ആരംഭിച്ചതായി പ്രഖ്യാപിച്ചു.
വെസ്റ്റ് ബാങ്കില്‍ സുരക്ഷ വര്‍ധിപ്പിക്കുക എന്ന തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു ശ്രമമാണിതെന്നാണ് നെതന്യാഹു ആക്രമണത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ ഗസയെയും ലെബനനെയും പിന്തുടര്‍ന്ന്, മേഖലയിലെ ഭീകരത ഇല്ലാതാക്കാനുള്ള ഇസ്രഈലിന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണ് ഈ ആക്രമണമെന്നാണ് തീവ്രവലതുപക്ഷ മന്ത്രിയായ സ്‌മോട്രിച്ച് പറഞ്ഞത്.
Content Highlight: After announcing a cease-fire in Gaza, Israel intensified its attacks on the West Bank