കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലെ ഓവലില്‍ നടന്നത്. മൂന്നാം മത്സരത്തിലും ആധികാരികമായി വിജയിച്ച് 3-0ന് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനും ഗബ്ബറിനും പിള്ളേര്‍ക്കുമായി.
ഓപ്പണര്‍മാരായിരുന്നു ഇന്ത്യയെ നയിച്ചത്. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും 98 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലുമായിരുന്നു ഡ്രൈവിങ് സീറ്റില്‍.
പരമ്പരയിലെ ആദ്യ മത്സരത്തിലേതെന്ന പോലെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയായിരുന്നു ഇരുവരും തുടങ്ങിയത്. ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 113 റണ്‍സായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്.
ധവാന് പകരമെത്തിയ ശ്രേയസ് അയ്യര്‍ക്കൊപ്പം കളിച്ചും ഗില്‍ മികച്ച പാര്‍ട്‌നര്‍ഷിപ്പുണ്ടാക്കി. എന്നാല്‍ അയ്യരേയും വിന്‍ഡീസ് ബൗളര്‍മാര്‍ മടക്കി. 34 പന്തില്‍ നിന്നും 44 റണ്‍സായിരുന്നു അയ്യരിന്റെ സമ്പാദ്യം.
നാലാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് പെട്ടെന്ന് തന്നെ മടങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജുവിനൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കവെ മഴ വില്ലനായി. ടീം സ്‌കോര്‍ 225ലും ഗില്ലിന്റെ ഇന്‍ഡിവിജ്വല്‍ സ്‌കോര്‍ 98ലും നില്‍ക്കവെ കളി അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം വിന്‍ഡീസിനുള്ള ടാര്‍ഗറ്റ് പുനര്‍നിര്‍ണയിക്കുകയായിരുന്നു. എന്നാല്‍ ഒന്ന് പൊരുതാന്‍ പോലും നില്‍ക്കാതെ വിന്‍ഡീസ് പത്തി മടക്കിയപ്പോള്‍ ഇന്ത്യ 119 റണ്‍സിനായിരുന്നു വിജയം കൈപ്പിടിയിലൊതുക്കിയത്.
പുറത്താവാതെ 98 റണ്‍സെടുത്ത ഗില്‍ തന്നെയായിരുന്നു മത്സരത്തിലെ താരം. തന്റെ കന്നി ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും ലെജന്‍ഡുകള്‍ മാത്രമുള്ള ഒരു ലിസ്റ്റിലാണ് ഗില്‍ ഇപ്പോള്‍ കയറിപ്പറ്റിയിരിക്കുന്നത്.
ഓപ്പണറായെത്തി തൊണ്ണൂറുകളില്‍ പുറത്താവാതെ നിന്ന താരങ്ങളുടെ പട്ടികയിലാണ് താരം എത്തി നില്‍ക്കുന്നത്. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരാണ് ഈ പട്ടികയിലുള്ളത്.
ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങി 90+ റണ്‍സ് നേടി പുറത്താവാതെ നിന്ന താരങ്ങള്‍
അതേസമയം, ഏകദിന പരമ്പരയ്ക്ക് പിന്നാലെ വിന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളാണ് ടി-20 പരമ്പരയിലുള്ളത്.
രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തിയതിനാല്‍ തന്നെ ടി-20 പരമ്പരയും സ്വന്തമാക്കാന്‍ കഴിയുമെന്നും ടി-20 ലോകകപ്പിന് മുമ്പ് തന്നെ വിന്‍ഡീസിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: After an unbeaten 98, Shubman Gill joined the elite list of Sachin Tendulkar, Virender Sehwag and Sunil Gavaskar.