യു.പിയിലെ സ്‌ട്രോങ് റൂമില്‍ നിന്നും രണ്ട് വാഹനങ്ങളിലായി ഇ.വി.എം മാറ്റാന്‍ശ്രമം: വാഹനം തടഞ്ഞ് ബി.എസ്.പി പ്രവര്‍ത്തകരും പ്രദേശവാസികളും- വീഡിയോ
ലഖ്‌നൗ: അമേഠിയ്ക്കു പിന്നാലെ ഉത്തര്‍പ്രദേശിലെ മറ്റൊരു മണ്ഡലത്തിലെ സ്‌ട്രോങ് റൂമില്‍ നിന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കടത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഡൊമറിയാഗഞ്ചില്‍ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ അഫ്താബ് ആലത്തിനെതിരെ ബി.ജെ.പിയുടെ ജഗതംബിക പാല്‍ ആണ് മത്സരിക്കുന്നത്.
ഉത്തര്‍പ്രദേശ് ഡോട്ട് ഓര്‍ഗ് വെബ്‌സൈറ്റിലെ മാധ്യമപ്രവര്‍ത്തകനായ അനില്‍ തിവാരിയാണ് ഇതുസംബന്ധിച്ച വീഡിയോ പങ്കുവെച്ചത്. ‘ ഡോമറിയാഗഞ്ച് ലോക്‌സഭാ സീറ്റിലെ ഇ.വി.എം മാറ്റാനുള്ള ശ്രമം. സിറ്റി ഹെഡ്ക്വാട്ടേഴ്‌സിലെ സ്‌ട്രോങ് റൂമില്‍ നിന്നും രണ്ടു വാഹനത്തില്‍ ഇ.വി.എം പുറത്തെടുക്കാന്‍ ശ്രമം. ഇ.വി.എം നിറച്ച വാഹനം പ്രധാന കവാടത്തില്‍വെച്ച് പ്രദേശവാസികളും ബി.എസ്.പി പ്രവര്‍ത്തകരും വാഹനം തടഞ്ഞെന്ന് മഹാസഖ്യ പ്രവര്‍ത്തകര്‍.’ എന്നായിരുന്നു വീഡിയോ പങ്കുവെച്ച് അനില്‍ തിവാരി ട്വീറ്റു ചെയ്തത്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പു കമ്മീഷനെ ടാഗ് ചെയ്താണ് അനില്‍ തിവാരി വീഡിയോ ട്വീറ്റു ചെയ്തത്. സംഭവത്തോട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ അമേഠിയിലെ സ്ട്രോങ് റൂമുകളില്‍ നിന്നും ഇ.വി.എമ്മുകള്‍ പുറത്തെത്തിച്ച് ട്രക്കുകളില്‍ കടത്തി കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ അമേഠിയില്‍ റീ ഇലക്ഷന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
അമേഠി മണ്ഡലത്തിലെ ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമില്‍ നിന്നും നിരവധി ഇ.വി.എമ്മുകള്‍ പുറത്തേക്ക് കടത്തുകയും സമീപത്തായി നിര്‍ത്തിയിട്ടിരിക്കുന്ന ട്രക്കില്‍ കയറ്റുന്നതുമായ വീഡിയോകളാണ് പുറത്തുവന്നത്.
പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ഇ.വി.എമ്മുകള്‍ ട്രക്കുകളില്‍ കയറ്റിക്കൊണ്ടുപോകുന്ന വീഡിയോ എടുത്തത്.