| Saturday, 21st December 2024, 7:57 am

ആമസോണിന് പിന്നാലെ യു.എസില്‍ സ്റ്റാര്‍ബക്‌സ് തൊഴിലാളികളും പണിമുടക്കില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസില്‍ കഫെ ശൃംഖലയായ സ്റ്റാര്‍ബക്‌സിലെ തൊഴിലാളികളും പണിമുടക്കില്‍. ആമസോണ്‍ തൊഴിലാളികള്‍ക്ക് പിന്നാലെയാണ് സ്റ്റാര്‍ബക്‌സ് തൊഴിലാളികളുടെ പണിമുടക്ക്. മൂന്ന് ദിവസമാണ് തൊഴിലാളികള്‍ പണിമുടക്കുക.

ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് സമരം. ലൊസ് ആഞ്ചലസ്, ഷിക്കാഗോ, സിയാറ്റില്‍ എന്നിവിടങ്ങളിലെ തൊഴിലാളികളാണ് സമരം നടത്തുന്നത്. സ്റ്റാര്‍ബക്‌സ് വര്‍ക്കേഴ്‌സ് യുണൈറ്റഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം.

ശമ്പളവും മറ്റു ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. അന്യായമായ തൊഴില്‍ പ്രാക്ടീസ് ചാര്‍ജുകള്‍ ഒഴിവാക്കാനും ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ സമാന ആവശ്യം ഉന്നയിച്ച് കമ്പനിയുമായി യൂണിയന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്.

ഫലസ്തീന്‍-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ ബഹിഷ്‌കരണാഹ്വാനം നേരിടുന്ന കമ്പനി കൂടിയാണ് സ്റ്റാര്‍ബക്‌സ്. ബോയ്‌കോട്ടില്‍ ഒന്നിലധികം തവണ കമ്പനിയുടെ ലാഭം കുത്തനെ ഇടിഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ജീവനക്കാരുടെ സമരവും. ക്രിസ്മസ് സീസണില്‍ പണിമുടക്കുന്നത് മറ്റൊരു രീതിയില്‍ കമ്പനിക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.

പണിമുടക്കിന് ആഹ്വാനം ചെയ്തെങ്കിലും ശൃംഖലയെ അത് ബാധിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. യു.എസിലെ ഭൂരിഭാഗം ഷോപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സേവനം ഉറപ്പ് വരുത്തുന്നുണ്ടെന്നും ജീവനക്കാര്‍ പ്രതികരിച്ചു.

535 യു.എസ് സ്റ്റോറുകളിലെ തൊഴിലാളികളുടെ പിന്തുണ പണിമുടക്കിനുണ്ട്. എന്നാല്‍ യു.എസില്‍ ഏകദേശം 10,000 ത്തോളം സ്റ്റാര്‍ബക്‌സ് സ്റ്റോറുകളുണ്ടന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം മെച്ചപ്പെട്ട വേതനം, തൊഴില്‍ സാഹചര്യങ്ങള്‍, മെച്ചപ്പെട്ട ചികിത്സാ സഹായം എന്നിവ ആവശ്യപ്പെട്ടാണ് യു.എസിലെ ആമസോണ്‍ തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്.

ആവശ്യങ്ങള്‍ പരിഗണിച്ച് കമ്പനി യൂണിയനുമായി കരാറിലൊപ്പിടണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അമേരിക്കയിലുടനീളമുള്ള ഏഴ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള ആമസോണ്‍ തൊഴിലാളികളാണ് വ്യാഴാഴ്ച പണിമുടക്ക് ആരംഭിച്ചത്.

ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് പതിനായിരത്തോളം തൊഴിലാളികള്‍ യു.എസില്‍ പണിമുടക്കുന്നത്. ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി സമയ കാലാവധി നല്‍കിയത് ആമസോണ്‍ അവഗണിക്കുകയായിരുന്നുവെന്നും സമരം കമ്പനിക്കെതിരായുള്ളതാണെന്നും ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്സ് ജനറല്‍ പ്രസിഡന്റ് സീന്‍ ഒബ്രിയന്‍ പറഞ്ഞു.

അതേസമയം ആമസോണിലെ ജീവനക്കാരില്‍ ആകെ ഒരു ശതമാനം ആളുകള്‍ മാത്രമേ യൂണിയനെ പ്രതിനിധീകരിക്കുന്നുള്ളൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: After Amazon, Starbucks workers are also on strike in the US

Latest Stories

We use cookies to give you the best possible experience. Learn more