ന്യൂദല്‍ഹി: ബി.എസ്.പി നേതാവ് മായാവതി മുഖ്യമന്ത്രിയായിരുന്ന കാലത്തെ 1400 കോടിയുടെ സ്മാരക അഴിമതിയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ ആറിടങ്ങളില്‍ റെയ്ഡ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് റെയ്ഡ് നടത്തിയത്.
മണല്‍ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയിലെ മന്ത്രിമാരുടെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടത്തി ഒഴാഴ്ചയ്ക്കിപ്പുറമാണ് ഇ.ഡി റെയ്ഡ്.
മണല്‍ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് 14 ഇടങ്ങളിലാണ് നേരത്തെ സി.ബി.ഐ റെയ്ഡു നടത്തിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിട്ടുള്ള ഒന്നാണ് റെയ്‌ഡെന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.
മായാവതിയും ഈ അഭിപ്രായം ശരിവെക്കുകയാണുണ്ടായത്. ഇതിനു പിന്നാലെയാണ് മായാവതിയുടെ കാലത്തുണ്ടായ സംഭവങ്ങളിലും അന്വേഷണം നടക്കുന്നത്.
സ്മാരക നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ട് അഞ്ചുമാസത്തിനിപ്പുറമാണ് യു.പിയില്‍ റെയ്ഡ് നടക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്‌ക്കെതിരെ ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ എസ്.പിയും ബി.എസ്.പിയും തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒരുമിച്ചാല്‍ യു.പിയില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന അഭിപ്രായ സര്‍വ്വേകളും പുറത്തുവന്നിരുന്നു.