കാര്‍ഷിക ബില്ലില്‍ എന്‍.ഡിഎക്കുള്ളില്‍ തര്‍ക്കം; ശിരോമണി അകാലിദളിന് പിന്നാലെ അതൃപ്തി പരസ്യമാക്കി ജെ.ഡി.യുവും
Farm Bills
കാര്‍ഷിക ബില്ലില്‍ എന്‍.ഡിഎക്കുള്ളില്‍ തര്‍ക്കം; ശിരോമണി അകാലിദളിന് പിന്നാലെ അതൃപ്തി പരസ്യമാക്കി ജെ.ഡി.യുവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th September 2020, 3:55 pm

ന്യൂദല്‍ഹി: കാര്‍ഷിക ബില്ലില്‍ എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി ജെ.ഡി.യുവും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും താങ്ങുവിലയില്‍ കുറച്ച് ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്നും ജെ.ഡി.യു ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി ആവശ്യപ്പെട്ടു.

‘ഞങ്ങള്‍ പാര്‍ലമെന്റില്‍ ഈ ബില്ലിനെ പിന്തുണച്ചു. എന്നാല്‍ എന്‍.ഡി.എയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ സര്‍ക്കാരില്‍ നിന്ന് വഴിപിരിഞ്ഞത് ശ്രദ്ധയില്‍ വേണം’, കെ.സി ത്യാഗി ദി പ്രിന്റിനോട് പറഞ്ഞു.

നിരവധി കര്‍ഷകസംഘടനകള്‍ നിയമത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. മിനിമം താങ്ങുവില ഉറപ്പാക്കാന്‍ സ്വാമിനാഥന്‍ റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബില്ലുകളില്‍ സൂചിപ്പിച്ചിട്ടില്ലെങ്കിലും താങ്ങുവില കര്‍ഷകര്‍ക്ക് ഉറപ്പാക്കുമെന്നും അതിനേക്കാള്‍ കുറഞ്ഞ വില നല്‍കുന്നവര്‍ക്ക് നിയമാനുസൃതമായ ശിക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയതായും ത്യാഗി അവകാശപ്പെട്ടു.

സെപ്തംബര്‍ 17നാണ് ലോക്സഭയില്‍ ശബ്ദവോട്ടോടെ കാര്‍ഷിക ബില്‍ പാസാക്കുന്നത്. തുടര്‍ന്ന് ഞായറാഴ്ചയാണ് ബില്‍ രാജ്യസഭയില്‍ പാസാക്കുന്നത്.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.

എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചത്. ബില്ല് കര്‍ഷകവിരുദ്ധമാണെന്നും താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചുക്കൊണ്ടായിരുന്നു പഞ്ചാബില്‍ നിന്നുള്ള ഹര്‍സിമ്രത് കൗറിന്റെ രാജി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: After Akali Dal, now JD(U) wants changes to farm bills, demands MSP guarantee