|

അസമില്‍ തന്ത്രം മെനഞ്ഞ് രാഹുല്‍ ഗാന്ധി; എ.ഐ.യു.ഡി.എഫിനെ വിട്ട് അഖില്‍ ഗൊഗോയിയെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുന്നണി സമവാക്യങ്ങള്‍ മാറ്റി പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്. എ.ഐ.യു.ഡി.എഫ് നേതാക്കളുടെ ആവര്‍ത്തിച്ചുള്ള ബി.ജെ.പി പ്രശംസ കോണ്‍ഗ്രസ് സഖ്യമുപേക്ഷിച്ചേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

അഖില്‍ ഗൊഗോയിയുടെ റെയ്‌ജോര്‍ ദളുമായി സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം അഖില്‍ ഗൊഗോയി, രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

‘ഞാന്‍ രാഹുല്‍ ഗാന്ധിയേയും മുകുള്‍ വാസ്‌നിക്കിനേയും കണ്ടിരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ എങ്ങനെ പുനസ്ഥാപിക്കാം എന്നതിനെപ്പറ്റി ചര്‍ച്ച നടത്തിയിരുന്നു,’ അഖില്‍ ഗൊഗോയ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ വീക്ഷണം രാജ്യത്തിന് ആവശ്യമാണെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു. ഹൈക്കമാന്റ് നിര്‍ദേശത്തിനനുസരിച്ച് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സഖ്യം സാധ്യമായാല്‍ അസമില്‍ ബി.ജെ.പിയുടെ അടിവേരിളകുമെന്നും ഗൊഗോയ് പറഞ്ഞു. അതേസമയം ദേശീയ നേതൃത്വം കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ പറഞ്ഞു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ബദ്‌റുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും ഇരു പാര്‍ട്ടികള്‍ക്കും 2016 ലേതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന് 29 ഉം എ.ഐ.യു.ഡി.എഫിന് 16 സീറ്റുമായിരുന്നു തെരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞത്.

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബി.ജെ.പി അനകൂല നിലപാടുകളാണ് പലപ്പോഴും എ.ഐ.യു.ഡി.എഫ് സ്വീകരിക്കുന്നത്. അജ്മലിന്റെ സഹോദരന്‍ സിറാജുദ്ദീന്‍ അടുത്തിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

ശര്‍മ്മ സംസ്ഥാനത്തിനായി ‘ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍’ ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അസം പുരോഗമിക്കുമെന്നും സിറാജുദ്ദീന്‍ പറഞ്ഞിരുന്നു.

അഞ്ച് സീറ്റുകളിലേക്കാണ് അസമില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ മൂന്നെണ്ണം അപ്പര്‍ അസമിലാണ്. ഹിന്ദു വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് അപ്പര്‍ അസം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്പര്‍ അസമില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. എ.ഐ.യു.ഡി.എഫുമായുള്ള സഖ്യമാണ് ഇവിടെ തിരിച്ചടിയായതെന്നാണ് പാര്‍ട്ടി വക്താക്കള്‍ തന്നെ ആരോപിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: After AIUDF’s exit, activist-turned-politician Akhil Gogoi meets Rahul Gandhi for alliance in Assam