|

എയര്‍ടെലിന് പിന്നാലെ സ്‌പേസ് എക്സുമായി കരാറില്‍ ഒപ്പിട്ട് ജിയോയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എയര്‍ടെലിന് പിന്നാലെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി കരാറില്‍ ഒപ്പിട്ട് ജിയോ. തങ്ങളുടെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഫ്രണ്ടുകള്‍ വഴിയും എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സൊല്യൂഷനുകള്‍ ലഭ്യമാക്കുമെന്ന് ജിയോ അറിയിച്ചു.

ഈ കരാറിലൂടെ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്റര്‍മാരായ തങ്ങള്‍ക്ക്
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലുമെല്ലാം ബ്രോഡ് ബാന്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും ജിയോ പറഞ്ഞു.

റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുക മാത്രമല്ല, ഉപഭോക്തൃ സേവന ഇന്‍സ്റ്റാളേഷനും ആക്ടിവേഷനും പിന്തുണയ്ക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കുകയും ചെയ്യുമെന്നു ജിയോ പറഞ്ഞു.

കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ, തീരുമാനം ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് വഴിതെളിയിക്കുന്നതാണെന്ന് എയര്‍ടെല്‍ പ്രതികരിച്ചിരുന്നു. ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് എല്ലായിടത്തും എത്തിക്കാനാണ് ശ്രമമെന്ന് എയര്‍ടെലിന്റെ മാനേജിങ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ ഗോപാല്‍ വിറ്റല്‍ പറയുകയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പേസ് എക്സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്കും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സ്റ്റാര്‍ലിങ്കും എയര്‍ടെലും കരാറിലെത്തുന്നത്. യു.എസ് സന്ദര്‍ശത്തിനിടെയാണ് മസ്‌കുമായി മോദി കൂടിക്കാഴ്ച നടത്തിയത്.

എന്നാല്‍ നേരത്തെ സ്‌പേസ് എക്‌സിനെ എതിര്‍ത്ത കമ്പനികളാണ് ജിയോയും എയര്‍ടെലുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം എയര്‍ടെലും ജിയോയും എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ചത്തെ വ്യാപാരത്തില്‍ ടെലികോം കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: After Airtel, Jio also signs deal with SpaceX