| Thursday, 20th April 2017, 10:42 am

ഇത്തവണ പൊലീസുകാരുടെ നെഞ്ചത്ത്; എയര്‍ ഇന്ത്യാ ജീവനക്കാരനെ തല്ലിയ ശിവസേന എം.പി പുതിയ വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിക്കാത്തതിന്റെ പേരില്‍ എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ മറ്റൊരു വിവാദത്തില്‍ കുടുങ്ങി ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദ്.

മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍ എ.ടി.എം മെഷീനില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പൊലീസുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുന്ന എം.പിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ഗെയ്ക്ക് വാദിന്റെ സഹായികള്‍ പ്രദേശത്തെ നിരവധി എ.ടി.എമ്മുകളില്‍ കയറി ഇറങ്ങിയെങ്കിലും എവിടെ നിന്നും പണം കിട്ടിയില്ല. ഇതേതുടര്‍ന്ന് ഗെയ്ക്ക് വാദ് എ.ടി.എമ്മിന് പുറത്ത് പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

ഗെയ്ക്ക് വാദും അനുനായികളും പ്രതിഷേധം ആരംഭിച്ചതോടെ എസ്.ബി.ക്ക് മുന്‍പില്‍ വന്‍ ട്രാഫിക്ക് കുരുക്ക് അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ കുപിതനായ എംപി പൊലീസുകാരനോട് തട്ടിക്കയറുകയായിരുന്നു.


Dont Miss ഷാജിയേട്ടാ..കെ.ആര്‍.കെ യെ അങ്ങ്..; അരുത് അബൂ അരുത്: ഹിറ്റായി സൈജു കുറുപ്പിന്റേയും ജയസൂര്യയുടേയും ഫേസ്ബുക്ക് പോസ്റ്റ് 


കഴിഞ്ഞ പതിനഞ്ച് ദിവസമായി ഇവിടത്തെ ഒരു എ.ടി.എമ്മുകളിലും പണമില്ലെന്നും ഞങ്ങളെന്ത് ചെയ്യണമെന്നുമായിരുന്നു യെഗ്ക്ക് വാദിന്റെ ചോദ്യം. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം എല്ലാം പഴയപടിയാകാന്‍ 50 ദിവസമാണ് അവര്‍ ചോദിച്ചത്. ഞങ്ങള്‍ 100 ദിവസം കാത്തിരുന്നു. പിന്നെ അത് 200 ദിവസമായി. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ധനകാര്യ മന്ത്രിമാരാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും ഗെയ്ക്ക് വാദ് പറയുന്നു.

എയര്‍ ഇന്ത്യ ജീവനക്കാരനെ തല്ലിയതിന് പിന്നാലെ ഗെയ്ക്ക് വാദിന് വിമാന കമ്പനികള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് എംപി പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ വിമാന കമ്പനികള്‍ വിലക്ക് പിന്‍വലിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more