ഐ.സി.സി ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്.
അഫ്ഗാന്‍ ഉയര്‍ത്തിയ 285 റണ്‍സിന്റെ ലക്ഷ്യം ചെയ്‌സ് ചെയ്തിറങ്ങിയ ഇംഗ്ലണ്ടിന് 215 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്.
അഫ്ഗാന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയും പോയിന്റ് പട്ടികയില്‍ നേട്ടമുണ്ടാക്കുകയും ചെയ്തതോടെ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഏറെ നിരാശരാകുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായാണ് ഓസീസ് തല കുനിച്ചുനില്‍ക്കുന്നത്.
ബംഗ്ലാദേശിനും ശ്രീലങ്കക്കും നെതര്‍ലന്‍ഡ്‌സിനും ശേഷമാണ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി തുടരുന്നത്. ഓസ്‌ട്രേലിയയെ പോലെ ശ്രീലങ്കയെയും നെതര്‍ലന്‍ഡ്‌സിനെയും പോലെ കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ടിരുന്നെങ്കിലും നെറ്റ് റണ്‍ റേറ്റാണ് ഇരുടീമിനെയും കങ്കാരുക്കള്‍ക്ക് മേല്‍ സ്ഥാനം ലഭിക്കാന്‍ കാരണമായത്.
-1.161 എന്ന റണ്‍ റേറ്റോടെ ശ്രീലങ്ക എട്ടാം സ്ഥാനത്തും -1.800 എന്ന റണ്‍ റേറ്റോടെ നെതര്‍ലന്‍ഡ്‌സ് ഒമ്പതാം സ്ഥാനത്തും തുടരുമ്പോള്‍ -1.846 എന്ന റണ്‍ റേറ്റാണ് ഓസീസിനുള്ളത്.
പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് വീണ ഓസ്‌ട്രേലിയയുടെ അവസ്ഥ കണ്ട് ആരാധകരും ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതം, ഹാട്രിക് കപ്പടിച്ച മൈറ്റി ഓസീസിന്റെ ഇപ്പോഴത്തെ അവസ്ഥ, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാഴ്ച എന്നെല്ലാമാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ലോകകപ്പിന് മുമ്പുള്ള രണ്ട് പരമ്പരകളിലും തോറ്റ ഓസീസിന് ടൂര്‍ണമെന്റിലും വിജയിക്കാന്‍ സാധിക്കുന്നില്ല. ഇന്ത്യക്കെതിരെ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന് തോറ്റ ഓസീസ് രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് 134 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പ്രോട്ടീസിനെതിരായ പടുകൂറ്റന്‍ തോല്‍വിയാണ് ഓസീസിന് പോയിന്റ് പട്ടികയിലും വിനയായത്.
വരും മത്സരത്തില്‍ വിജയിച്ച് ഓസീസ് തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഒക്ടോബര്‍ 16നാണ് ഓസീസിന്റെ അടുത്ത മത്സരം. കങ്കാരുക്കളെ പോലെ ആദ്യ ജയം കൊതിക്കുന്ന ശ്രീലങ്കയാണ് എതിരാളികള്‍.
Content Highlight: After Afghanistan’s win over England, Australia slipped to the bottom of the points table