'കുറ്റവാളികളെ ന്യായീകരിക്കുന്ന സര്‍ക്കാരാണ് യു.പി ഭരിക്കുന്നത്'; പെണ്‍കുട്ടികള്‍ക്ക് നേരേയുണ്ടായ ആസിഡ് ആക്രമണത്തില്‍ പ്രിയങ്ക ഗാന്ധി
national news
'കുറ്റവാളികളെ ന്യായീകരിക്കുന്ന സര്‍ക്കാരാണ് യു.പി ഭരിക്കുന്നത്'; പെണ്‍കുട്ടികള്‍ക്ക് നേരേയുണ്ടായ ആസിഡ് ആക്രമണത്തില്‍ പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th October 2020, 8:31 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരേ നടന്ന ആസിഡ് ആക്രമണത്തില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ യു.പി ഭരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

പെണ്‍കുട്ടികളുടെ പിതാവ് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയും ട്വീറ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

‘സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയാണ് യോഗി സര്‍ക്കാര്‍. കുറ്റവാളികളെ സംരക്ഷിക്കുന്ന യു.പി സര്‍ക്കാരിന്റെ രാഷ്ട്രീയ വിവരണം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നു- പ്രിയങ്ക ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടികള്‍ക്ക് നേരേ ആസിഡ് ആക്രമണം നടന്നത്. ഗോണ്ട നഗരത്തില്‍ 8, 12, 17 എന്നീ പ്രായത്തിലുള്ള സഹോദരിമാരായ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

ആസിഡ് ആക്രമണം നടത്തിയ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടികള്‍ ഉറങ്ങുമ്പോഴാണ് ആസിഡ് ഒഴിച്ചത്. കുട്ടികളെ നിലവില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരില്‍ രണ്ടു പേര്‍ക്ക് ചെറിയ പരിക്കുകളാണുള്ളത്. ഒരു കുട്ടിയുടെ മുഖത്തിനാണ് ഗുരുതരമായ പരിക്കേറ്റത്.

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാംത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 29ന് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

കേസിലെ പൊലീസ് നടപടിക്കെതിരെ തുടക്കം മുതല്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞതിനെതിരെയും ഫോറന്‍സിക് പരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെതിരെയും വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  Priyanka Gandhi Slams Yogi Adityanath For Protecting Perpetrators