| Monday, 10th December 2018, 11:17 am

അഭിലാഷ് ടോമിക്ക് പിന്നാലെ സൂസി; ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തിനിടെ വീണ്ടും അപകടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്റിയാഗോ: ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ്‌വഞ്ചി മത്സരത്തിനിടെ വീണ്ടും അപകടം. മലയാളി സമുദ്ര സഞ്ചാരി കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് സംഭവിച്ചതിന് സമാനമായ അപകടമാണ് ഉണ്ടായത്. ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിലെ ഏക വനിതയായ ബ്രിട്ടീഷുകാരി സൂസി ഗുഡാളാണ് അപകടത്തില്‍ പെട്ടത്.

ചിലെയ്ക്ക് സമീപം കേഹ് ഹൂണ്‍ മുനമ്പില്‍ 2000 നോട്ടിക്കല്‍ മൈല്‍ അകലെ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അപകടം. കാറ്റിലും വന്‍തിരയിലുംപെട്ടാണ് സൂസിയുടെ പായ്‌വഞ്ചി അപകടത്തില്‍ പെട്ടത്. കടല്‍ ക്ഷോഭത്തിന് പേരുകേട്ട റോറിങ് ഫോര്‍ട്ടീസില്‍ വെച്ചാണ് അപകടം.

സംഭവത്തെ തുടര്‍ന്ന് ഏതാനും സമയം ബോധരഹിതയായ സൂസി പിന്നീട് ഉണര്‍ന്ന് മനസാന്നിധ്യം വീണ്ടെടുത്തു. പായ്മരങ്ങള്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് ഡീസല്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും 20 മിനിറ്റിനകം പ്രവര്‍ത്തനം നിലച്ചു.

ALSO READ: അഭിലാഷ് ടോമിക്ക് പിന്നാലെ സൂസി; ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തിനിടെ വീണ്ടും അപകടം

ഇതിനിടെ സൂസിയുമായി സാറ്റലൈറ്റ് വഴി സംസാരിച്ച സംഘാടകര്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള നീക്കം ആരംഭിച്ചിരുന്നു. ചിലെ മാരിടൈം റസ്‌ക്യൂ സര്‍വീസിന്റെ നിര്‍ദേശപ്രകാരം സമീപമേഖലയിലുണ്ടായ തിയാന്‍ ഫൂ കപ്പലിന്റെ വഴി തിരിച്ചുവിട്ടു.

വഞ്ചി നങ്കൂരമിടാനായത് തിരമാലയില്‍ ഒഴുകിപ്പോകാതിരിക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് എളുപ്പം കണ്ടെത്താനും സഹായകമായി. ഒരു ദിവസത്തിന് ശേഷമാണ് ഇവരുടെ അടുത്തെത്തിയത്. സൂസിയുമായി ചിലെയിലേക്ക് നീങ്ങുന്ന കപ്പല്‍ 12ന് തീരത്തെത്തുമെന്നാണ് കരുതുന്നത്.

We use cookies to give you the best possible experience. Learn more