Film News
ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണനും ഉദയ്കൃഷ്ണയും വീണ്ടും ഒന്നിക്കുന്നു; നായകന്‍ മമ്മൂട്ടി; അണിയറയിലൊരുങ്ങുന്നത് മാസ് ത്രില്ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 18, 04:16 pm
Monday, 18th April 2022, 9:46 pm

ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ പുതിയ ചിത്രം ഒരുക്കുന്നു. മമ്മൂട്ടിയെ നായകനാക്കി മാസ് ത്രില്ലര്‍ ചിത്രമാണ് ഉണ്ണികൃഷ്ണന്‍ ഒരുക്കുന്നത്.

2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഗൗരവമേറിയ വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്ക് പുറമെ ബിജു മേനോന്‍, മഞ്ജു വാര്യര്‍ സിദ്ദീഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആറാട്ടിന് തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണ തന്നെയാണ് മമ്മൂട്ടി ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി വന്‍ ഹൈപ്പോടെയൊയിരുന്നു ആറാട്ട് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ മോഹന്‍ലാല്‍ ചിത്രത്തിനായില്ല.

ഫെബ്രുവരി 18നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തിരുന്നു.

‘വില്ലന്’ ശേഷം മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം, ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിന് വേണ്ടി ഒരുക്കുന്ന തിരക്കഥ, ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രം, അങ്ങനെ നിരവധി പ്രത്യേകതകളാണ് ആറാട്ടിനുള്ളത്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.

നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കെ.ജി.എഫിലെ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.

Content highlight: After Aarattu B Unnikrishnan’s new movie starring Mammootty