| Sunday, 25th July 2021, 4:21 pm

ഐ.എന്‍.എല്‍ പിളര്‍ന്നു; കാസിം ഇരിക്കൂറിനെ പുറത്താക്കി അബ്ദുള്‍ വഹാബ്, വഹാബിനെ പുറത്താക്കിയതായി കാസിം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നേതൃയോഗത്തിനിടെയുണ്ടായ തമ്മില്‍ തല്ലിന് പിന്നാലെ ഐ.എന്‍.എല്‍. പിളര്‍ന്ന് രണ്ടായി. പാർട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി ഐ.എന്‍.എല്‍. സംസ്ഥാന അധ്യക്ഷന്‍ എ.പി. അബ്ദുള്‍ വഹാബ് അറിയിച്ചു. കാസിം ഇരിക്കൂറിന് പകരം നാസര്‍ കോയ തങ്ങളെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും അബ്ദുള്‍ വഹാബ് അറിയിച്ചു.

രാവിലെയുണ്ടായ തര്‍ക്കത്തിന് ശേഷം ഇരു വിഭാഗവും വെവ്വേറെ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നും പാര്‍ട്ടിയുടെ അഖിലേന്ത്യ അധ്യക്ഷന്റേതാണ് ഈ തീരുമാനമെന്നും ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂര്‍ പറഞ്ഞു.

നിലവിലെ വർക്കിങ് പ്രസിഡന്റ് ബി. ഹംസ ഹാജിയെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തതായി  കാസീം പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ പിന്തുണ തനിക്കാണെന്നും കാസിം ഇരിക്കൂര്‍ അവകാശപ്പെട്ടു.

ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന നേതൃയോഗത്തിനിടെയായിരുന്നു രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് ലോക്ഡൗണ്‍ ലംഘിച്ച് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്.

എന്നാല്‍ ഇതിനെല്ലാം കാരണം ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആണെന്നാണ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് പറഞ്ഞത്.

ഐ.എന്‍.എല്ലിനെ നശിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറി ശ്രമിക്കുന്നതായി എ.പി. അബ്ദുള്‍ വഹാബ് ആരോപിച്ചു. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി മിനുട്‌സില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഒരു സെക്രട്ടറിയോട് താനേതാ പാര്‍ട്ടി എന്നാണ് കാസിം ഇരിക്കൂര്‍ ചോദിച്ചതെന്നും അദ്ദേഹം മനപൂര്‍വം പ്രശ്‌നം ഉണ്ടാക്കിയെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.

അവാസ്തവമായ കാര്യങ്ങളാണ് കാസിം ഇരിക്കൂര്‍ യോഗത്തില്‍ പറഞ്ഞത്. ഒ.പി.ഐ. പോക്കര്‍ മാസ്റ്റര്‍ അടക്കമുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളെ കാസിം അപമാനിച്ചെന്നും എ.പി. അബ്ദുള്‍ വഹാബ് കുറ്റപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്കിടെയായിരുന്നു യോഗം വിളിച്ച് ചേര്‍ത്തിരുന്നത്. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് ഒരുവശത്തും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും മറുവശത്തും നിന്നാണ് തമ്മിലടി നടന്നത്.

ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും എതിര്‍ചേരിയിലുള്ളവരും തമ്മില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം രൂക്ഷമാണ്. ചരിത്രത്തിലാദ്യമായി മന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ നേതാക്കള്‍ക്കിടയിലുള്ള അധികാരത്തര്‍ക്കവും മറനീക്കി ഐ.എന്‍.എല്ലില്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content highlights: After a scuffle between the leaders, the INL Split in two
We use cookies to give you the best possible experience. Learn more