എന്‍.സി.പി.യിലേക്ക് മടങ്ങില്ല, ശരത് പവാറുമായുള്ള കൂടിക്കാഴ്ച്ച വ്യക്തിപരം: മാണി സി. കാപ്പന്‍
Kerala
എന്‍.സി.പി.യിലേക്ക് മടങ്ങില്ല, ശരത് പവാറുമായുള്ള കൂടിക്കാഴ്ച്ച വ്യക്തിപരം: മാണി സി. കാപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th May 2021, 4:23 pm

കോട്ടയം: ശരത് പവാറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം നിലപാട് വ്യക്തമാക്കി പാല എം.എല്‍.എ മാണി സി കാപ്പന്‍. താന്‍ എന്‍.സി.പിയിലേക്ക് മടങ്ങില്ലെന്നും കഴിഞ്ഞ ദിവസം പവാറിനെ സന്ദര്‍ശിച്ചത് വ്യക്തിപരമായ അടുപ്പത്തിന്റെ ഭാഗമായിരുന്നെന്നും കാപ്പന്‍ പറഞ്ഞു. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇനിയുള്ള അഞ്ച് വര്‍ഷം യു.ഡി.എഫില്‍ നിന്ന് തന്നെ പാലായുടെ വികസന കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നും അതിനുള്ള എല്ലാ സഹായവും ഇടത് സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

‘ശരത് പവാറുമായി തനിക്ക് 39 വര്‍ഷത്തെ ബന്ധമുണ്ട്, രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് തുടങ്ങിയതാണ് ആ സൗഹൃദം. തന്നെ സഹായിക്കുന്നതിലുള്ള നിവര്‍ത്തികേട് ഉണ്ടായപ്പോഴാണ് പാര്‍ട്ടി വിട്ടത്. വ്യക്തിബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ആളായതിനാലാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഇക്കാര്യം രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു.’ മാണി സി. കാപ്പന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മുതിര്‍ന്ന എന്‍.സി.പി നേതാക്കളെ കാപ്പന്‍ സന്ദര്‍ശിച്ചിരുന്നു. ശരത് പവാറിനെ കൂടാതെ
മുതിര്‍ന്ന എന്‍.സി.പി നേതാക്കളായ സുപ്രിയ സുലേയെയും ഭൂപേഷ് ബാബുവിനെയുമാണ് മാണി സി. കാപ്പന്‍ സന്ദര്‍ശിച്ചത്. മാണി സി. കാപ്പനുമൊത്തുള്ള ചിത്രം എന്‍.സി.പി നേതാവ് സുപ്രിയ സുലേയാണ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

ഇത്തവണ യു.ഡി.എഫ് ടിക്കറ്റിലാണ് മാണി സി. കാപ്പന്‍ പാലായില്‍ നിന്ന് മത്സരിച്ച് ജയിച്ചത്. കേരള കോണ്‍ഗ്രസ് എം. അധ്യക്ഷന്‍ ജോസ് കെ. മാണിയെ പരാജയപ്പെടുത്തിയാണ് മാണി സി. കാപ്പന്‍ വിജയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: After a meeting with sharat Pawar, Pala MLA Mani C Kappan clarified his position