അടിമുടി മാറി പാഠപുസ്തകങ്ങള്‍; വായന എളുപ്പമാക്കാന്‍ അക്ഷരമാലയും പുതിയ ലിപിയും
Kerala News
അടിമുടി മാറി പാഠപുസ്തകങ്ങള്‍; വായന എളുപ്പമാക്കാന്‍ അക്ഷരമാലയും പുതിയ ലിപിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2024, 9:22 am

തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കെ പാഠപുസ്തകങ്ങളില്‍ അടിമുടി മാറ്റം. കുട്ടികള്‍ക്ക് വായന എളുപ്പമാകുന്നതിനും അക്ഷരങ്ങളെ പരിചയപ്പെടുന്നതിനും പ്രാധാന്യം നല്‍കികൊണ്ടുള്ള മാറ്റങ്ങളാണ് വിദ്യാഭ്യസ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

ഒന്നാം ക്ലാസ് പാഠപുസ്തകങ്ങളില്‍ വലിയ ഇടവേളയ്ക്ക് ശേഷം അക്ഷരമാല വിദ്യാഭ്യാസ വകുപ്പ് തിരികെയെത്തിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് തീരുമാനം.

എന്‍.സി.ആര്‍.ടി ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകങ്ങളിലാണ് അക്ഷരമാല ഉള്‍പ്പെടുത്തിയിക്കുന്നത്. തെറ്റില്ലാതെ എഴുതാനും വായിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം.

മാറ്റങ്ങളോടെ പുറത്തിറക്കുന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ലിപികളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. കൂട്ടക്ഷരങ്ങള്‍ തിരികെ കൊണ്ടുവരുന്ന രീതിയിലാണ് പുതിയ പരിഷ്‌കരണം. വരികള്‍ക്കിടയിലെ അകലത്തിലും അക്ഷരത്തിന്റെ വലിപ്പത്തിലും മാറ്റമുണ്ട്. ഇന്‍ഡിസൈന്‍ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ടാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

പുതുതായി 90 ലിപികളാണ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. വ്യഞ്ജനാക്ഷരങ്ങളോട് സ്വരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന അക്ഷരങ്ങളുടെയും കൂട്ടക്ഷരങ്ങളുടെയും എണ്ണം കുറച്ചുകൊണ്ടാണ് പുതിയ ലിപിയുടെ വിന്യാസം. സി ഡിറ്റ് തയ്യാറാക്കിയ തുമ്പ എന്ന ഫോണ്ടുകളാണ് ഇതിനായി ഉപയോഗിച്ചരിക്കുന്നത്. ഇതിനുപുറമെ മലയാളത്തിന്റെ ശൈലീരീതി എന്ന ശൈലീ പുസ്തകവും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഔദ്യോഗിക ഭാഷ പരിഷ്‌കരണ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ലിപിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയായിരുന്ന വി.പി. ജോയ് അധ്യക്ഷനായ സമിതി രൂപീകരിച്ചത് 2021ആണ്.

അതേസമയം നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ പഴയ ലിപി തന്നെ തുടരും. കഴിഞ്ഞ ദിവസം സമത്വത്തിലേക്ക് മാറുന്ന അടുക്കളയേയും അയ്യങ്കാളിയുടെ ജീവചരിത്രത്തിന്റെ ഭാഗവും കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരുന്നു.

മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലാണ് സമത്വത്തെ ഉയര്‍ത്തിക്കാട്ടുന്ന പാഠഭാഗം ഉള്‍പ്പെടുത്തിയത്. ഏഴാം ക്ലാസിലെ സംസ്‌കൃത പാഠപുസ്തകത്തിലാണ് അയ്യങ്കാളിയുടെ ജീവചരിത്രത്തിന്റെ ഭാഗമുള്ളത്. കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

Content Highlight: After a long hiatus, the Department of Education has brought back the alphabet in Class 1 textbooks