ഏഷ്യയില്‍ മറ്റ് രണ്ട് ലോകചാമ്പ്യന്‍മാരുണ്ടായിട്ടും ഇന്ത്യക്ക് തൊട്ടുതാഴെ രണ്ടാമത്; ചരിത്രമെഴുതാന്‍ അഫ്ഗാന്‍
icc world cup
ഏഷ്യയില്‍ മറ്റ് രണ്ട് ലോകചാമ്പ്യന്‍മാരുണ്ടായിട്ടും ഇന്ത്യക്ക് തൊട്ടുതാഴെ രണ്ടാമത്; ചരിത്രമെഴുതാന്‍ അഫ്ഗാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd November 2023, 10:10 pm

 

2023 ലോകകപ്പിലെ ഏഷ്യന്‍ ടീമുകളുടെ പ്രകടനമാണ് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചത്. പേസ് ബൗളിങ് കരുത്തുമായെത്തിയ പാകിസ്ഥാനും മുന്‍ ചാമ്പ്യന്‍മാരെന്ന പേരും പെരുമയുമായെത്തിയ ശ്രീലങ്കയും ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ മാത്രമാണ് ആരാധകരുടെ പ്രതീക്ഷ കാത്തത്.

കളിച്ച ഏഴ് മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ തുടരുന്നത്.

ആരാധകരുടെ പ്രതീക്ഷകള്‍ക്കപ്പുറം മികച്ച പ്രകടനം പുറത്തെടുത്താണ് അഫ്ഗാനിസ്ഥാന്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. ഒന്നുമില്ലായ്മയില്‍ നിന്നും ക്രിക്കറ്റ് ഭൂമികയില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അഫ്ഗാന്‍ ഈ ലോകകപ്പിലും തങ്ങളെ സ്വയം അടയാളപ്പെടുത്തിയിരിക്കുകയാണ്.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും പരാജയപ്പെട്ട അഫ്ഗാന്‍ മൂന്നാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിന് തോല്‍പിച്ചാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചത്.

തൊട്ടടുത്ത മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 149 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങേണ്ടി വന്നപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ജയം വെറും വണ്‍ ടൈം വണ്ടറായി ആരാധകരില്‍ ചിലരെങ്കിലും വിലയിരുത്തി.

എന്നാല്‍ അയല്‍ക്കാരായ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് അഫ്ഗാന്‍ സിംഹങ്ങള്‍ ഒരിക്കല്‍ക്കൂടി ഉച്ചത്തില്‍ ഗര്‍ജിച്ചു. തങ്ങളുടെ ഏകദിന ചരിത്രത്തില്‍ ആദ്യമായാണ് അഫ്ഗാന്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

തൊട്ടടുത്ത മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയും അഫ്ഗാനിസ്ഥാന്റെ പോരാട്ട വീര്യമറിഞ്ഞു. ലങ്ക ഉയര്‍ത്തിയ 242 റണ്‍സിന്റെ ലക്ഷ്യം 28 പന്തും ഏഴ് വിക്കറ്റും ശേഷിക്കെ അഫ്ഗാന്‍ മറികടക്കുകയായിരുന്നു.

ഏഴാം മത്സരത്തില്‍, എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നെതര്‍ലന്‍ഡ്‌സിനെയും തോല്‍പിച്ചതോടെ സെമി ഫൈനലിലെ ഒരു സ്ഥാനത്തിന് കൂടിയാണ് അഫ്ഗാന്‍ അവകാശമുന്നയിച്ചിരിക്കുന്നത്.

നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും 4 ജയവുമായി എട്ട് പോയിന്റോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അഫ്ഗാന്‍. മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിനും എട്ട് പോയിന്റ് വീതമാണുള്ളത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

നെതര്‍ലന്‍ഡ്‌സിനെതിരായ വിജയത്തിന് പിന്നാലെ നിലവില്‍ ഏറ്റവുമധികം മത്സരം ജയിച്ച രണ്ടാമത് ഏഷ്യന്‍ ടീമായി മാറിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. പരാജയമറിയാത്ത ഇന്ത്യക്ക് തൊട്ടുതാഴെയാണ് അഫ്ഗാന്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

2023 ലോകകപ്പിലെ ആദ്യ ഏഴ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഏഷ്യന്‍ ടീമുകളുടെ പ്രകടനം

(ടീം – മത്സരം – ജയം – തോല്‍വി – പോയിന്റ് എന്നീ ക്രമത്തില്‍)

ഇന്ത്യ – 7 – 7 – 0 – 14

അഫ്ഗാനിസ്ഥാന്‍ – 7 – 4 – 3 – 8

പാകിസ്ഥാന്‍ – 7 – 3 – 4 – 6

ശ്രീലങ്ക – 7 – 2 – 5 – 4

ബംഗ്ലാദേശ് – 7 – 1 – 6 – 2

ശേഷിക്കുന്ന രണ്ട് മത്സരത്തിലും വിജയിക്കുകയാണെങ്കിലോ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെടുക്കുകയാണെങ്കിലോ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ കളിച്ചേക്കും.

കരുത്തരായ രണ്ട് ടീമുകള്‍ക്കെതിരെയാണ് ഏറ്റുമുട്ടാനുള്ളത് എന്ന വസ്തുതയാണ് അഫ്ഗാന്‍ ആരാധകരെ അല്‍പമെങ്കിലും ആശങ്കയിലാഴ്ത്തുന്നത്. നവംബര്‍ ഏഴിന് ഓസ്ട്രേലിയക്കും നവംബര്‍ പത്തിന് സൗത്ത് ആഫ്രിക്കക്കും എതിരെയാണ് അഫ്ഗാനിസ്ഥാന് മത്സരങ്ങളുള്ളത്.

 

Content Highlight: After 7 matches Afghanistan becomes the second best Asian team in World Cup