52 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ!
Sports News
52 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd August 2024, 7:10 pm

2024 പാരീസ് ഒളിമ്പിക്‌സ് മെന്‍സ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്രവിജയം. ഓസ്‌ട്രേലിയയെ നീണ്ട 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഒളിമ്പിക്‌സില്‍ പരാജയപ്പെടുത്തിയിരിക്കുകയാണ്.

ഒളിമ്പിക്‌സിലെ ഹോക്കി പൂള്‍ ബിയില്‍ ലോക നാലാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയയെ 3-2നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 1972നു ശേഷം മ്യൂണിക്കില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌സ് ആണിത്.

ആദ്യപകുതിയില്‍ 2-0ന് ഇന്ത്യ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. 12ാം മിനിട്ടില്‍ ഓപ്പണ്‍ പ്ലേയിലൂടെ അഭിഷേക് ഗോള്‍ നേടിയപ്പോള്‍ 13ാം മിനിട്ടില്‍ ഹര്‍മന്‍ പ്രീത് സിങ് പെനാല്‍റ്റി കോര്‍ണറിലൂടെ മറ്റൊരു ഗോള്‍ കണ്ടെത്തുകയായിരുന്നു.

ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. 25ാം മിനിട്ടില്‍ തോമസ് ക്രെയ്ഗിന്റെ ഗോളിലൂടെ ഓസ്‌ട്രേലിയ ഇന്ത്യയുടെ വല കുലുക്കി. വീണ്ടും ഒരു പെനാല്‍റ്റിയിലൂടെ ഹര്‍മന്‍ പ്രീത് ഇന്ത്യക്ക് ഗോള്‍ നേടിത്തന്നു. മറുപടിയായി ഓസ്‌ട്രേലിയ ബ്ലെയ്ക്ക് ഗോവേര്‍സിലൂടെ പെനാല്‍റ്റി കിക്കില്‍ ഗോളടിച്ചു.

ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിനു മുമ്പേ ഇന്ത്യ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു. അയര്‍ലണ്ടിനെതിരെയും ന്യൂസിലാന്‍ഡിനെതിരെയും വിജയിച്ചപ്പോള്‍ 2016ലെ ചാമ്പ്യന്മാരായ അര്‍ജന്റീനക്കെതിരെ ഇന്ത്യ സമനില വഴങ്ങി.

Content highlight: After 52 years, India beat Australia at Paris Olympics 2024